ഈജിപ്തിലുള്ള തങ്ങളുടെ പൗരന്മാര്‍ ഉടന്‍ രാജ്യത്തേക്കു മടങ്ങിയെത്തണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍ സുരക്ഷാ കൗൺസില്‍. കഴിഞ്ഞ ദിവസം ഇസ്രായേലികളായ രണ്ടു വിനോദസഞ്ചാരികള്‍ അലക്സാൻഡ്രിയയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ കൗണ്‍സിലിന്‍റെ നിര്‍ദേശം. ഒപ്പമുണ്ടായിരുന്ന ഈജിപ്ഷ്യൻ സ്വദേശിയായ ഗൈഡും കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈജിപ്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്. മെഡിറ്ററേനിയന്‍ നഗരമായ അലെക്സാന്‍ഡ്രിയയില്‍ ഇസ്രേലി വിനോദസഞ്ചാരികള്‍ക്കു നേരെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് പൗരന്മാര്‍ ഈജിപ്ത് വിടണമെന്ന നിര്‍ദേശവുമായി ഇസ്രയേല്‍ സുരക്ഷാ കൗൺസില്‍ രംഗത്തെത്തിയത്.
ഇതിനിടെ ഇസ്രായേലിൽ കുടുങ്ങിയിരുന്ന 27 ഇന്ത്യക്കാർ ഈജിപ്ത് അതിർത്തി കടന്നു. ഇസ്രയേലിൽ കുടുങ്ങിയ മേഘാലയയിൽ നിന്നുള്ള തീർഥാടക സംഘമാണ് ഈജിപ്ത് അതിർത്തി കടന്നത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യു. എൻ രക്ഷാസമിതി യുദ്ധസാഹചര്യം വിലയിരുത്തി. ലോക രാജ്യങ്ങൾ ഇസ്രയേലിന് ഒപ്പം നിൽക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രയേലിനുളള പിന്തുണയുടെ ഭാഗമായി അമേരിക്ക യുദ്ധക്കപ്പലുകളും എയർക്രാഫ്റ്റും അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാസമിതി അംഗങ്ങൾ ഒരുമിച്ച് അപലപിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. എന്നാൽ സാധാരണ ജനങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് ചൈന വ്യക്തമാക്കി.