Tuesday, November 26, 2024

ഇസ്രായേൽ – പാലസ്തീൻ സംഘർഷം: ഇറാന്റെ പങ്ക് വെളിപ്പെടുത്തി കൂടുതൽ വിവരങ്ങൾ പുറത്ത്

പാലസ്‌തീൻ ഭീകരസംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പങ്ക് വെളിപ്പെടുത്തി കൂടുതൽ വിവരങ്ങൾ പുറത്ത്. വാൾസ്ട്രീറ്റ് ജേണലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഹമാസ്, ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണം ആസൂത്രണം ചെയ്യാൻ ഇറാൻ സഹായിച്ചതായും ഇതിനായി ബെയ്‌റൂട്ടിൽ യോഗം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ഹമാസിലെയും ഇറാൻ പിന്തുണയുള്ള മറ്റൊരു ഗ്രൂപ്പായ ഹിസ്ബുള്ളയിലെയും മുതിർന്ന അംഗങ്ങളെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണൽ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കങ്ങൾ ആഗസ്റ്റ് മുതൽ നടത്തിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്‌ച ഐ.ആർ.ജി.സി ഉദ്യോഗസ്ഥരും ഹമാസും ഹിസ്ബുള്ളയും ഉൾപ്പെടെയുള്ള, ഇറാൻ പിന്തുണയുള്ള നാല് ഭീകരസംഘടനകളുടെ പ്രതിനിധികളും ബെയ്റൂട്ടിലെ യോഗങ്ങളിൽ പങ്കെടുക്കുകയും ഇസ്രേയലിനെതിരായ ആക്രമണത്തിന് അംഗീകാരം നൽകിയതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇസ്രയേലിനെ എല്ലാഭാഗത്തുനിന്നും ഒരുമിച്ച് ആക്രമിക്കാൻ കഴിയുന്ന ഒരു ബഹുമുഖഭീഷണി സൃഷ്‌ടിക്കുക എന്നതായിരുന്നു ശക്തരായ ഇറാനിയൻ സൈന്യത്തിന്റെ പദ്ധതി. ഹിസ്ബുള്ളയും പോപ്പുലർ ഫ്രണ്ടും വടക്കുഭാഗത്തും ഗാസയിലും വെസ്‌റ്റ് ബാങ്കിലും പാലസ്‌തീൻ ഇസ്ലാമിക് ജിഹാദും ഹമാസും അണിനിരക്കുകയായിരുന്നു ലക്ഷ്യമെന്ന് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മുതിർന്ന അംഗങ്ങളും ഒരു ഇറാനിയൻ ഉദ്യോഗസ്ഥനും വ്യക്തമാക്കി. അതേസമയം, ഹമാസിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്തെത്തി. “ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്ത യുദ്ധമാണ്. ഇതിൽ ഇറാന് യാതൊരു ബന്ധവുമില്ല. പ്രശ്നങ്ങൾക്കെല്ലാം കാരണം ഇസ്രയേലാണ്; ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ല” – ഇറാൻ വ്യക്തമാക്കി.

Latest News