Tuesday, November 26, 2024

ഇസ്രായേൽ വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്ന് ഹമാസ്

ഗാസ മുനമ്പിൽ വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെയായി പരസ്യമായി വധിക്കുമെന്ന ഭീഷണിയുമായി ഹമാസ്. ബന്ദികളെ വധിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും ഹമാസ് അറിയിച്ചു. ഹമാസ് സൈനിക വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഭീകരർ ബന്ദികളാക്കിയ ഒരു ചെറുകിട കർഷക സമൂഹത്തിലെ 100 മൃതദേഹങ്ങൾ  ഇസ്രായേൽ സേന കഴിഞ്ഞ ദിവസം കണ്ടെടുത്തിയിരുന്നു. ഇതേ തുടർന്ന്  ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമസേന തിങ്കളാഴ്ച രാത്രിയിൽ ആക്രമണം ശക്തമാക്കി. ആക്രമണത്തിൽ ഗാസയിലെ ഒരു കെട്ടിടം തകരുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്‌സിൽ പങ്കിടുകയും ഞങ്ങൾ ആരംഭിച്ചു, ഇസ്രായേൽ വിജയിക്കുമെന്നു അദ്ദേഹം എഴുതുകയും ചെയ്തു. പിന്നാലെയാണ് സിവിലിയന്മാർക്ക് നേരെ ആക്രമണമുണ്ടായാൽ മുന്നറിയിപ്പില്ലാതെ എപ്പോൾ വേണമെങ്കിലും ഒരു ഇസ്രായേലി പൗരനെ വീതം കൊല്ലുമെന്ന് ഹമാസ് സൈനിക വക്താവ് വ്യക്തമാക്കിയത്.

അതേസമയം, ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 1,500-ലധികം പേർ കൊല്ലപ്പെട്ടു. അതിർത്തിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും നുഴഞ്ഞുകയറിയ ഹമാസ് സംഘത്തെ പൂർണമായി തുരത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Latest News