ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തില്‍നിന്ന് ഇന്ത്യ പാഠംപഠിച്ചില്ലെങ്കില്‍ ഇതിനു സമാനമായ സാഹചര്യത്തെ ഇന്ത്യ നേരിവേണ്ടിവരുമെന്ന് ഖാലിസ്ഥാന്‍ ഭീകരന്റെ ഭീഷണി. കാനഡയിലുള്ള സിഖ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് പന്നുവാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
2020 -ല്‍ ഇന്ത്യാ ഗവണ്‍മെന്റ് തീവ്രവാദിയായി പ്രഖ്യാപിച്ച ഗുര്‍പത്വന്ത് പന്നു വീഡിയോ സന്ദേശത്തിലൂടെയാണ് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. “പഞ്ചാബിനെ കൈയ്യടക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കില്‍ അതിന് മറുപടിയുണ്ടാകും. കലാപത്തെ, കലാപം കൊണ്ടുതന്നെ നേരിടും. അതിന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകും ഉത്തരവാദി” – പന്നു ഭീഷണി മുഴക്കി. പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. ബാലറ്റോ, ബുള്ളറ്റോ ഏതു തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്കു തീരുമാനിക്കാമെന്നും അദേഹം വെല്ലുവിളിച്ചു.
ഇന്ത്യയിലെ പഞ്ചാബിലെ അമൃത്സറിന് അടുത്തുള്ള ഖാന്‍കോട്ട് ഗ്രാമത്തിലാണ് ഗുര്‍പത്വന്ത് ജനിച്ചതും വളര്‍ന്നതും. സിഖുകാര്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിലും ഗുര്‍പത്വന്ത് പന്നു പങ്കാളിയാണ്. പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്.