രോഹിത് ശർമ്മയുടെ സെഞ്ചുറി കരുത്തില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹിറ്റ്മാന്‍ രോഹിത് ശർമ്മ സെഞ്ചുറി നേടിയപ്പോൾ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി കിംഗ് കോഹ്ലി കളം നിറഞ്ഞു.
ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാൻ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മികച്ച സ്‌കോർ പടുത്തുയർത്തി തങ്ങളുടെ പോരാട്ടവീര്യം കാണിച്ചുതന്നു. ഹഷ്‌മത്തുള്ള ഷാഹിദിയും (80), ഒമര്‍സായും (62) ചേർന്നാണ് അഫ്‌ഗാൻ ഇന്നിംഗ്‌സിന് കരുത്തുപകർന്നത്. ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച അഫ്ഗാനെ പക്ഷേ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാലും ഹര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
അഫ്ഗാന്‍ പടുത്തുയര്‍ത്തിയ 273 എന്ന സ്കോര്‍ ചെയ്സ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 18-ാം ഓവറിലെ നാലാം പന്തില്‍ ഇഷാന്‍ കിഷനെ ഇന്ത്യക്ക് നഷ്ടമായി വെറും 84 പന്തുകളിൽ നിന്ന് അഞ്ച് സിക്‌സറും 16 ഫോറിന്റെയും അകമ്പടിയോടെ 131 റൺസുമായി ഹിറ്റ്മാൻ മടങ്ങുമ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. വണ്‍ ഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലി, രോഹിത്തിനു പകരക്കാരനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.