ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്റെ പേര് തമിഴ്നാട്ടിലെ അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നല്‍കുമെന്ന് പ്രഖ്യാപനം. നിയമസഭയിൽ സംസാരിക്കവെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്വാമിനാഥന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തുമെന്നും സ്റ്റാലിന് വ്യക്തമാക്കി.
“തഞ്ചാവൂർ ആസ്ഥാനമായുള്ള അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് എംഎസ് സ്വാമിനാഥന്റെ പേര് നല്‍കും. കൂടാതെ, തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ പ്ലാന്റ് പ്രൊപ്പഗേഷനിലും ജനിതകശാസ്ത്രത്തിലും ഉന്നതരായവരെ ആദരിക്കുന്നതിനായി അവാര്‍ഡും ഏര്‍പ്പെടുത്തും” മുഖ്യമന്ത്രി പറഞ്ഞു. പത്മവിഭൂഷൺ, മഗ്സസെ അവാർഡ് തുടങ്ങി നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയ സ്വാമിനാഥനെ ആദരിക്കാനാണ് താൻ ഈ പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1960-കളിൽ രാജ്യത്തിന്റെ ഹരിതവിപ്ലവത്തിന് സ്വാമിനാഥൻ നൽകിയ സംഭാവനകളെ സ്റ്റാലിൻ അനുസ്മരിക്കുകയും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞ മാസമായിരുന്നു എംഎസ് സ്വാമിനാതന്‍ മരണപ്പെട്ടത്. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് ഏഴിന് ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.