വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഞായറാഴ്‌ച നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കും. തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണ് അന്നെന്നും മലയാളികളുടെ സ്വപനം യാഥാർത്ഥ്യമാവുകയാണെന്നും മന്ത്രി അറിയിച്ചു.
“വിഴിഞ്ഞത്തേക്ക് ആദ്യ കപ്പലെത്തുന്ന ഞായറാഴ്‌ച മലയാളികൾക്ക് ആഹ്ളാദ ദിനമായിരിക്കും. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകും” മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ കമ്മീഷനിങ്ങും തുടർ പ്രവർത്തനങ്ങളും നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കാനാകുമെന്നും പ്രതീക്ഷയും മന്ത്രി പ്രകടിപ്പിച്ചു.
തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തുന്നത്. ഇവിടേക്ക് ആദ്യ കപ്പലെത്തി കഴിഞ്ഞാൽ വരും മാസങ്ങളിലായി തുറമുഖത്തിന് ആവശ്യമായ ബാക്കി ക്രെയിനുകളുമായി മറ്റ് കപ്പലുകൾ കൂടി എത്തും. 10 ലക്ഷം കണ്ടെയിനറുകൾ വരെ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് തുറമുഖത്തിന്റെ രൂപകൽപന. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാൽ. സ്വാഭാവിക ആഴം എന്നിവയെല്ലാം വിഴിഞ്ഞത്തിൻ്റെ നേട്ടങ്ങളാണെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ പാക്കേജ് നടപ്പാക്കി വരുന്നു. ആരംഭഘട്ടത്തിൽ 5000 പുതിയ തൊഴിൽ അവസരങ്ങളുണ്ടാകും. റിംഗ് റോഡ് അനുബന്ധമായി വികസനം വരുമെന്നും മന്ത്രി അറിയിച്ചു.