ഖലിസ്ഥാന്‍ ഭീകരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഭിന്നത ജി20യിലും രൂക്ഷമാകുന്നു. തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ജി20 രാജ്യങ്ങളിലെ പാർലമെന്റുകളുടെ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് (പി20) ഉച്ചകോടിയില്‍ കനേഡിയൻ സെനറ്റ് സ്‌പീക്കർ പങ്കെടുക്കില്ല. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് കാനഡ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബർ 13-14 തീയതികളിലായി നടക്കുന്ന പി20 ഉച്ചകോടിക്കായി ന്യൂഡൽഹിയിലെ യശോഭൂമിയിലെ ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ കീഴിൽ ഇന്ത്യൻ പാർലമെന്റാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി കനേഡിയന്‍ സ്‌പീക്കർ റെയ്‌മണ്ട് ഗാഗ്നെയെ ഇന്ത്യ ക്ഷണിച്ചെങ്കിലും പി20 മീറ്റിംഗില്‍ പങ്കടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പി20 മീറ്റിംഗിൽ കാനഡയിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
നേരത്തെ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ സറേയിൽ വച്ച് കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാരുടെ പങ്കിനെ കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കി.