ഇസ്രായേലില്‍ ഹമാസ് നടത്തിയ കൂട്ടക്കുരുതിക്കുപിന്നാലെ ഇസ്രായേൽ പ്രതിരോധസേന നാല്പതോളം പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഗാസാമുനമ്പിനു സമീപമുള്ള കഫര്‍ അസയില്‍ നിന്നാണ് ഭീകരർ കൊലപ്പെടുത്തിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുടെയും കൊല്ലപ്പെട്ട ഒരു കുട്ടിയുടെ കരിഞ്ഞ ശരീരത്തിന്റെയും ചിത്രങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസാണ് പങ്കുവച്ചത്.
“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി പങ്കുവയ്ക്കുകയും ഹമാസ് രാക്ഷസന്മാർ കൊന്നുകത്തിക്കുകയും ചെയ്ത കുഞ്ഞുങ്ങളുടെ ഭയാനകമായ ചിത്രങ്ങളാണിത്. ഹമാസ് മനുഷ്യത്വരഹിതരാണ്; ഹമാസ് ഐ.എസ്.ഐ.എസാണ്” – എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളില്‍, കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വിവരിക്കാനാകാത്ത രീതിയില്‍ വികൃതമാക്കിയും ശിരച്ഛേദം ചെയ്യപ്പെട്ട നിലയിലുമാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ സന്ദർശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചിത്രങ്ങൾ പങ്കുവച്ചതായി ഇസ്രായേൽ സർക്കാരിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
“ഇത് സങ്കല്പിക്കാവുന്ന ഏറ്റവും മോശമായ വിധത്തിലുള്ള അപചയമാണ്” – ബ്ലിങ്കൻ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെടിയേറ്റുകൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ഫോട്ടോകളും വീഡിയോകളും താന്‍ കണ്ടതായും, അതിൽ യുവാക്കളെ അവരുടെ കാറുകളിലോ, ഒളിയിടങ്ങളിലോ ഹമാസ് ഭീകരര്‍ ജീവനോടെ കത്തിക്കുന്നവയും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുപുറമെ നാറ്റോ പ്രതിരോധമന്ത്രിമാരും ചിത്രങ്ങള്‍ കണ്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടിൽ പറയുന്നു.