Monday, November 25, 2024

അതീവ സുരക്ഷയില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: സുരക്ഷാ ചുമതല സിഐഎസ്എഫ് ഉടൻ ഏറ്റെടുക്കും

ആദ്യ കപ്പൽ എത്തിയതിൻ്റെ ഭാഗമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വൻ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ 400-ൽ പരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ഇത് കൂടാതെ തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഉടൻ ഏറ്റെടുക്കുമെന്നാണ് വിവരം.

തുറമുഖം ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവിൽ പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്. സുരക്ഷാ മേഖലയിൽ പൊതുജനങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നതിനു നിരോധനമുണ്ട്. തുറമുഖ കവാടത്തിനു മുന്നിലെ ഇന്ത്യൻ റിസർവ്ഡ് ബറ്റാലിയനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിനു പുറമെ മേഖലയില്‍ ശക്തമായ വ്യോമ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കോസ്റ്റൽ പൊലീസിൻ്റെ 10 ബോട്ടുകളാണ് ചൈനയിൽ നിന്ന് എത്തിയ ചരക്കു കപ്പലിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഇതിനു പുറമേ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തുന്നുണ്ട്. സിഐഎസ്എഫിന് സുരക്ഷാ ചുമതല കൈമാറുന്നതിനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണെന്നും വിവരമുണ്ട്. ആദ്യ കപ്പൽ എത്തുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി അടക്കം വിഴിഞ്ഞത്തേക്ക് എത്തുന്നതിനാൽ ശനിയാഴ്ച വൈകുന്നേരം മുതൽ പൊലീസിന്റെ നിയന്ത്രണത്തിൽ ആകും തീരമേഖല.

Latest News