Sunday, November 24, 2024

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം ബാധിച്ച 96,000 കുട്ടികളെ സഹായിക്കാ9 ഇരുപത് ദശലക്ഷം ഡോളർ ആവശ്യമെന്ന് യുണിസെഫ്

വെറും അഞ്ച് ദിവസത്തിനുള്ളിൽ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ തകർത്ത അഫ്ഗാനിസ്ഥാനായി സഹായം അഭ്യർത്ഥിച്ചു യുണിസെഫ്. 20 ദശലക്ഷം ഡോളറിന്റെ പ്രാരംഭ ധനസഹായത്തിനായി ആണ് യുണിസെഫ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഭൂചലനത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തിരമായി സഹായം ആവശ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ അഭ്യർത്ഥന.

അഫ്ഗാനിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭൂകമ്പത്തിന്റെ ഇരകളിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. സിന്ദാ ജാൻ ജില്ലയിൽ മാത്രം 11,500 ലധികം ആളുകളുടെ വീടുകൾ പൂർണ്ണമായും തകർന്നുവെന്ന് ഒക്ടോബർ 13 ആം തിയതി യുണിസെഫ് വെളിപ്പെടുത്തി. ഭൂകമ്പത്തിന് മുമ്പുതന്നെ, സംഘർഷം, അരക്ഷിതാവസ്ഥ, കുടിയേറ്റം, വരൾച്ച, കുടിയൊഴിപ്പിക്കൽ, ദാരിദ്ര്യം എന്നിവയുടെ പ്രത്യാഘാതങ്ങൾ കുട്ടികൾ അനുഭവിച്ചിരുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യുണിസെഫ് പ്രതിനിധി റുഷ്നാൻ മുർത്താസ പറഞ്ഞു. ഈ അപര്യാപ്തതകൾ ഇപ്പോൾ അതിരുകടന്നിരിക്കുന്നുവെന്നും, ഇത് കുട്ടികൾക്ക് അഭൂതപൂർവമായ മാനുഷിക അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിസെഫും തങ്ങളുടെ സഹപ്രവർത്തകരുമായി ആദ്യ ദിവസം മുതൽ കുട്ടികൾക്ക് ജീവൻ രക്ഷാ സഹായം നൽകി വരുന്നു. എങ്കിലും ആവശ്യമുള്ള കുട്ടികൾക്ക് ആരോഗ്യ സംരക്ഷണം, ശുദ്ധമായ വെള്ളം എന്നിവ എത്തിക്കാൻ അവർക്ക് അധിക പിന്തുണ ആവശ്യമാണ്.

ശിശുസൗഹൃദ ഇടങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സാമൂഹിക പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെയും മാനസികാഘാതം അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മനഃശാസ്ത്രപരമായ പിന്തുണയും യുണിസെഫിന്റെ അഭ്യർത്ഥനയിൽ സൂചിപ്പിച്ചിട്ടുണ്ട്. ശൈത്യകാലം അടുക്കുകയും താപനില തണുത്തുറയുന്നതിനേക്കാൾ വളരെ കുറയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ, വരും മാസങ്ങളിൽ കുട്ടികളുടെ ക്ഷേമത്തെക്കുറിച്ച് യുണിസെഫ് വളരെയധികം ആശങ്കയിലാണ്.

Latest News