69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വിതരണം ചെയ്യും. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യുക. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും പുരസ്കാര ചടങ്ങില്‍ പങ്കെടുക്കും.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 വിഭാഗങ്ങളിലുമാണ് പുരസ്‌കാരം നല്‍കുക. ‘പുഷ്പ’ സിനിമയിലെ പ്രകടനത്തിനു അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്കാരവും മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും കൃതി സനോണും രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങും. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഇന്ദ്രൻസ്, നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം നേടിയ വിഷ്‌ണുമോഹൻ (മേപ്പടിയാൻ), ഒറിജിനൽ തിരക്കഥയ്‌ക്ക് പുരസ്കാരം നേടിയ ഷാഹി കബീർ (നായാട്ട്), പരിസ്ഥിതിചിത്രമായ ആവാസവ്യൂഹത്തിന്റെ സംവിധായകൻ കൃഷാന്ദ്, ലൊക്കേഷൻ ശബ്‌ദലേഖനത്തിന് അരുൺ അശോക്, സോനു കെ പി (ചവിട്ട്) എന്നിവരും ഹിന്ദി ചിത്രമായ ഗംഗുഭായ് കത്തിയാവാഡിയുടെ റീ റെക്കാഡിംഗിന് മലയാളി സിനോയ് ജോസഫും അവാർഡ് ഏറ്റുവാങ്ങും.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിന് രണ്ടു പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതില്‍ മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ‘മൂന്നാം വളവാണ്’. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് മൂന്നാം വളവ് നിര്‍മ്മിച്ചത്. ജൂറിയുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് മൂന്നാം വളവ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ്.