ആറുമാസം പിന്നിട്ട ഗർഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയുള്ള വിവാഹിതയായ സ്ത്രീയുടെ ഹർജി സുപ്രീം കോടതി തള്ളി. ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകുന്നത് മെഡിക്കൽ ഗർഭഛിദ്രനിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാ ല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്.
പ്രസവാനന്തര വിഷാദരോഗത്തിന് ഇരയെന്നു ചൂണ്ടിക്കാട്ടിയാണ്, മൂന്നാമത്തെ കുട്ടിയുടെ ഗർഭഛിദ്രത്തിനുള്ള അനുമതിതേടി ഹർജിക്കാരി കോടതിയെ സമീപിച്ചത്. എന്നാൽ, എയിംസ് വിദഗ്ധരുടെ പരിശോധനയിൽ ആറുമാസം പിന്നിട്ട ഭ്രൂണത്തിൽ ഹൃദയമിടിപ്പ് ആരംഭിച്ചതായും ഭ്രൂണത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും കണ്ടെത്തിയിരുന്നു.
ഭ്രൂണത്തിൽ ജീവന്റെ ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ഭ്രൂണഹത്യയ്ക്ക് ഉത്തരവിടാൻ കോടതിയും ഹർജിക്കാരിയും ആഗ്രഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിക്കാരിക്ക് മാനസികസമ്മർദങ്ങളുണ്ടെങ്കിലും അത് ജീവനു ഭീഷണിയല്ല. മെഡിക്കൽ ഗർഭഛിദ്രനിയമമനുസരിച്ച്, ആറുമാസം പിന്നിട്ട ഭ്രൂണഹത്യയ്ക്ക് ഉത്തരവിടാൻ ഗർഭിണിയുടെ ജീവനു ഭീഷണി, അല്ലെങ്കിൽ ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് തകരാറുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
പ്രസവത്തിനുശേഷം കുട്ടിയെ വളർത്താനാകില്ലെങ്കിൽ ദത്തുനൽകാനുള്ള അവകാശം യുവതിക്കുണ്ടെന്നും പരിശോധനയ്ക്കു ചെലവായ മുഴുവൻ തുകയും സർക്കാർ വഹിക്കുമെന്നും ജസ്റ്റീസുമാർ വ്യക്തമാക്കി. എയിംസ് വിദഗ്ധരുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ഗർഭഛിദ്രത്തിന് അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജസ്റ്റീസ് ഹിമ കോഹ്ലി, ജസ്റ്റീസ് ബി.വി. നാഗരത്ന എന്നിവർ കേസിൽ ഭിന്നവിധിയിറക്കിയത്.
തുടർന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുകയായിരുന്നു. ഹർജിക്കാരിക്ക് സ്വന്തം ശരീരത്തിൽ അവകാശമുള്ളതുപോലെ ഗർഭസ്ഥശിശുവിനും അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹർജിയുമായി എത്താൻ എന്തുകൊണ്ടാണ് വൈകിയതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.