Tuesday, November 26, 2024

ആക്രമണം രൂക്ഷമായി തുടരുന്നു: മണിപ്പൂരില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം നീട്ടി

മണിപ്പൂരില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്നാണ് സര്‍ക്കാരിന്‍റെ വിശദ്ധീകരണം. ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 31 രാത്രി 7.45 വരെ ഇന്റർനെറ്റ് നിരോധനം നീട്ടിയിട്ടുണ്ട്.

അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പ്രഖ്യാപിച്ച് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടിയത്. പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയതെന്ന്  സംസ്ഥാന പോലീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

“മൊബൈൽ സേവനങ്ങൾ, എസ്.എം.എസ് സേവനങ്ങൾ, ഡോംഗിൾ സേവനങ്ങൾ എന്നിവയിലെ സോഷ്യൽ മീഡിയ/മെസേജിംഗ് സേവനങ്ങൾ വഴി പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്ന പ്രകോപനപരമായ വസ്തുതകളും തെറ്റായ കിംവദന്തികളും വലിയ അപകടങ്ങൾ ഉണ്ടാക്കും”- സർക്കാർ ഉത്തരവിൽ പറയുന്നു. മണിപ്പൂരിൽ നിലവിലുള്ള അക്രമങ്ങൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ആക്കം കൂട്ടുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Latest News