Monday, November 25, 2024

കേരളത്തിന്റെ യഥാർത്ഥ സ്വപ്നം

2023 ഒക്ടോബർ 15 ന് വിഴിഞ്ഞം തുറമുഖത്ത് ചൈനീസ് കപ്പലിന് നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വിവിധ മാധ്യമങ്ങൾ നൽകിയ വിശേഷണം, “കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരം” എന്നായിരുന്നു. മൂന്ന് പ്രമുഖ പാർട്ടികളും വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നേട്ടത്തെ തങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിക്കുന്നു. കേരളത്തിന്റെ ഭാവിയിലേയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകാൻ പര്യാപ്തമായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്ന് നിശ്ചയം. വലിയ വികസന സാധ്യതകളാണ് വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന് മുന്നിൽ തുറന്നിടുന്നത്. മറ്റ് ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കാൻ കഴിയാത്ത വലിയ ചരക്കുകപ്പലുകൾക്കും അടുക്കാൻ കഴിയുന്ന സ്വാഭാവിക ആഴവും, അന്തർദേശീയ കപ്പൽച്ചാലിൽനിന്നുള്ള ചെറിയ ദൂരവുമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന മേന്മകളായി എടുത്തുപറയുന്നത്. ഇക്കാരണങ്ങളാൽ തന്നെ, വിഭാവനം ചെയ്യപ്പെടുന്ന രീതിയിൽ തുറമുഖ പദ്ധതി പൂർത്തിയായാൽ അത് കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവൻ നേട്ടംതന്നെയാണ്.

തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട യന്ത്ര സാമഗ്രികൾ വഹിച്ച ആദ്യത്തെ കപ്പലാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം തീരത്തണഞ്ഞത്. ഇത്തരം നിരവധി കപ്പലുകൾകൂടി ഇനിയും വരേണ്ടതായുണ്ട്. ആയിരം ദിവസങ്ങൾകൊണ്ട് പൂർത്തീകരിക്കുമെന്ന കരാറോടെ ആരംഭിച്ച തുറമുഖ നിർമ്മാണം ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ അറുപത് ശതമാനത്തോളം മാത്രമാണ് പണി പൂർത്തിയാക്കാനായിട്ടുള്ളത്. ബാക്കി പണികൾ ആറു മാസങ്ങൾകൊണ്ട് പൂർത്തിയാക്കി തുറമുഖം കമ്മീഷൻ ചെയ്യുമെന്നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തുറമുഖം പൂർത്തിയാകുമ്പോൾ, കൂടുതൽ ക്രെഡിറ്റ് ആർക്കാണ് എന്നുള്ളതാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിലുള്ള തർക്ക വിഷയം. സ്വാഭാവികമായും, ഇത്തരം പദ്ധതികൾക്ക് എല്ലാവരുടെയും സഹകരണം ഒരുപോലെ ഉണ്ടായെങ്കിൽ മാത്രമേ അത് വിജയത്തിലെത്തൂ എന്നുള്ളതിനാൽ എല്ലാ കാലങ്ങളിലെയും ഭരണകൂടങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളും അവരവരുടെ പങ്കാളിത്തത്തിനുള്ള ക്രെഡിറ്റ് അവകാശപ്പെടുന്നതിൽ തെറ്റില്ല.

നിർദ്ദിഷ്ട കരാർ കാലാവധി കഴിഞ്ഞ് നാല് വർഷത്തോളം പിന്നിട്ടിട്ടും പണികൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും അഭിമാനപൂർവ്വം ഉദ്‌ഘാടന മഹാമഹം സംഘടിപ്പിച്ച പശ്ചാത്തലവും സാഹചര്യങ്ങളും മാറ്റിവയ്ക്കാം. അതിന് പിന്നിലെ രാഷ്ട്രീയവും ബിസിനസും എന്തുതന്നെയായാലും കണ്ടില്ലെന്ന് വയ്ക്കാം. അഭിമാനത്തോടെ തന്നെ ഇത്തരമൊരു പദ്ധതിയെ കാണുമ്പോഴും ചില യാഥാർഥ്യങ്ങളിൽനിന്ന് മുഖംതിരിക്കാനാവില്ല. ഏഴുവർഷങ്ങളായി സമാനതകളില്ലാത്ത ദുരിതപർവ്വത്തിൽ കഴിയുന്ന വലിയൊരു വിഭാഗം ജനതയുടെ ആശങ്കകൾക്കും ജീവിതസ്വപ്നങ്ങൾക്കും ഇവിടെ എന്ത് വില കല്പിക്കപ്പെടുന്നു എന്ന ചോദ്യം ഈ നിമിഷത്തിലും പ്രസക്തമാണ്. നൂറ്റി നാൽപ്പതോളം ദിവസങ്ങൾ നീണ്ടുനിന്ന ഒരു സമരം തുറമുഖ നിർമ്മാണത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിട്ട് ഏറെക്കാലമായില്ല.

തീരദേശവാസികളായ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളും, മൽസ്യബന്ധന തൊഴിലാളികളും അകപ്പെട്ട രൂക്ഷമായ പ്രതിസന്ധികളെ തുടർന്നുള്ള ജനവികാരമാണ് സമരത്തിലേക്ക് അവരെ നയിച്ചത്. തുറമുഖ നിർമ്മാണത്തെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ടവർ, രൂക്ഷമായ കടലാക്രമണ ഭീതിയിൽ അകപ്പെട്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ എന്നിങ്ങനെ ഒട്ടനവധി മനുഷ്യർ ജീവിതം വഴിമുട്ടിയതിന്റെ പേരിൽ തീരാദുഃഖത്തിൽ അകപ്പെട്ടു. അവർക്കുവേണ്ടി ശബ്ദിക്കാൻ മുഖ്യമായും മുന്നോട്ടുവന്നത് തിരുവനന്തപുരം ലാറ്റിൻ അതിരൂപതാ നേതൃത്വമാണ്. ഒടുവിൽ 140 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചുവെങ്കിലും സർക്കാർ നൽകിയ വാക്കുകൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല.

വികസനം നാടിന്റെ ആവശ്യമാണ്. എന്നാൽ, വികസന പ്രവർത്തനങ്ങളുടെയും നിർമ്മാണങ്ങളുടെയും പേരിൽ ജീവിത പ്രതിസന്ധികളിൽ അകപ്പെടുത്തപ്പെടുന്നവർക്ക് താങ്ങാകാൻ സർക്കാരിന് ബാധ്യതയുണ്ട്. തീരദേശത്തെ നിർമ്മാണ പ്രവർത്തനത്തിന്റെ പാർശ്വഫലമായി സംഭവിക്കുന്ന തീരശോഷണം ഘട്ടംഘട്ടമായി ആയിരക്കണക്കിന് കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി. ഓരോ വർഷം കഴിയുംതോറും അത്തരത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾ വർദ്ധിക്കുകയാണ്. ഇത്തരം പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നത് മുഖ്യമായ ഒരു ആരോപണമാണ്. ഇത്തരം പ്രതിസന്ധികൾക്ക് ഇനിയും പരിഹാരം ഉണ്ടാകാത്തതും ആശങ്കകളും ദുരിതത്തിൽ അകപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നതും ആ ആരോപണത്തെ ശരിവയ്ക്കുന്നു.

വീടുകൾ നഷ്ടപ്പെട്ട് സിമന്റ് ഫാക്ടറിയിലും താൽക്കാലിക ഷെഡ്ഡുകളിലും ദുരിതജീവിതം നയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളോടും, വരുമാനമാർഗ്ഗം നഷ്ടപ്പെട്ട് ദാരിദ്ര്യത്തിൽ കഴിയുന്ന ആയിരങ്ങളോടുമുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് കഴിയില്ല. ഏതൊരു പദ്ധതിയെയും രാഷ്ട്രീയ നേട്ടമായി ചിത്രീകരിച്ചും, പോരായ്മകളെയും പരാജയങ്ങളെയും മൂടിവച്ചും താൽക്കാലിക ലാഭമുണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങൾ ആത്യന്തികമായ വിജയത്തിലേക്ക് സംസ്ഥാനത്തെ നയിക്കുമെന്ന് കരുതാനാവില്ല. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഇത്തരമൊരു പദ്ധതിയെ പ്രതി ദുരിതത്തിൽ അകപ്പെട്ട പാവപ്പെട്ട മനുഷ്യർക്ക് അർഹമായ പരിഗണന നൽകിക്കൊണ്ട് പാളിച്ചകൾക്ക് ഇടവരുത്താതെ പദ്ധതികൾ പൂർത്തീകരിക്കപ്പെടുകയാണ് കേരളത്തിന്റെ യഥാർത്ഥ സ്വപ്നം.

വിജിൽ വിഴിഞ്ഞം

Latest News