Monday, November 25, 2024

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത ഇല്ല: ഹർജി സുപ്രീം കോടതി തള്ളി

ഇന്ത്യയിൽ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻറേതാണ് വിധി. ഹർജിയെ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേർ പിന്തുണച്ചപ്പോൾ മൂന്നു ജഡ്ജിമാർ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിൽ വിയോജിച്ചു.

സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിധി പ്രസ്താവം. വിഷയവുമായി ബന്ധപ്പെട്ട് യോജിച്ചും വിയോജിച്ചും നാല് വിധിപ്രസ്താവങ്ങളുണ്ടന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് വിധിപ്രസ്താവം നടത്തിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയപ്പോൾ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവർ വിയോജിക്കുകയും ഹർജി തള്ളുകയുമായിരുന്നു.

‘കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂ. സ്പെഷൽ മാര്യേജ് ആക്ടിലെ സെക്ഷൻ നാല് ഭരണഘടനാവിരുദ്ധമാണ്. ആക്ടിൽ മാറ്റംവരുത്തണോയെന്ന് പാർലമെന്റാണ് തീരുമാനിക്കേണ്ടത്.’ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. സ്വവർഗാനുരാഗം വരേണ്യവർഗത്തിൻറെ മാത്രം വിഷയമല്ലെന്നും, സ്വവർഗബന്ധം വിഡ്ഢിത്തമോ നഗരസങ്കൽപ്പമോ അല്ലെന്നും ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

അതേസമയം, പത്തുദിവസം നീണ്ട വാദം കേൾക്കലിനു ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ്ഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. സ്വവർഗ്ഗ ദമ്പതികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ എന്നിവർ സമർപ്പിച്ച 21 ഹർജികളിൽ അഞ്ചംഗ ബെഞ്ച് മെയ് 11ന് വിധി പറയാൻ മാറ്റുകയായിരുന്നു. ഏപ്രിൽ 18നാണ് ഹർജികളിൽ വാദം കേൾക്കൽ ആരംഭിച്ചത്.

Latest News