മലയാള സിനിമ താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ മുഖമുള്ള പേഴ്സണലൈസ്ഡ് സ്റ്റാമ്പുകള്‍ പ്രകാശനം ചെയ്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സമിതി. താരത്തിന്റെ സംഭവനകളെ ആദരിച്ചാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. കാൻബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെയും ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെയും സഹകരണത്തോടെയാൈയിരുന്നു സ്റ്റാമ്പുകളുടെ പ്രകാശനം.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറക്ക് കൈമാറിയാണ് സ്റ്റാമ്പുകളുടെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിന് ആശംസകൾ അറിയിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകളാണ് ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ പുറത്തിറക്കിയത്.
ഓസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്നു മുതൽ വിപണിയിലെത്തും. ഓസ്ട്രേലിയയിൽ തപാലിലൂടെ ലഭ്യമാകുന്ന കേരള ന്യൂസ് പോലെയുള്ള പത്രങ്ങളും മെട്രോ മലയാളം ഉൾപ്പെടെയുള്ള ന്യൂസ് ലെറ്ററുകളും അടുത്ത മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകളുമായാകും വീടുകളിൽ എത്തുക. ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെയാണ് ആദരിക്കുന്നതെന്നും ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു.