വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത നടൻ കുണ്ടറ ജോണി (ജോണി ജോസഫ്) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സ് ആയിരുന്നു.
ചൊവ്വാഴ്ച രാത്രി ചിന്നക്കടയിൽനിന്ന് കൊല്ലം കാങ്കത്തുമുക്കിലെ ഫ്ലാറ്റിലേക്ക് മകനുമൊത്ത് കാറിൽ പോകവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ബെൻസിഗർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെ ആശുപത്രി അധികൃതര്‍ അന്ത്യം സ്ഥിരീകരിക്കുകയായിരുന്നു.
കുണ്ടറയിൽ ജോസഫിന്റെയും കാതറിന്റെയും മകനായാണ് ജോണിയുടെ ജനനം. ഫാത്തിമ മാതാ നാഷനൽ കോളജ്, കൊല്ലം എസ്.എൻ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠനകാലത്ത് ഫുട്ബാൾ താരമായി ശ്രദ്ധിക്കപ്പെട്ട ജോണി പിന്നീട് 1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.. 23-ാമത്തെ വയസ്സിൽ അഭിനയ രംഗത്തുവന്ന ഇദ്ദേഹം നാലുപതിറ്റാണ്ടിനിടെ നിരവധി വില്ലന്‍കഥാപാത്രങ്ങള്‍ ഉള്‍പ്പടെ നിരവധിശ്രദ്ധേയവേഷങ്ങളിൽ ക്യാമറക്ക് മുന്നിലെത്തി.
മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.