Sunday, November 24, 2024

ഇന്ധനലഭ്യതയുടെ അഭാവം: പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

ഇന്ധനലഭ്യതയുടെ അഭാവത്തെ തുടർന്ന് ആഭ്യന്തര, അന്തർദേശീയ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ). രാജ്യത്തെ പ്രധാന വിമാനകമ്പനിയായ പി.ഐ.എയുടെ 48 വിമാനങ്ങളാണ് റദ്ദാക്കിയത്. ദിവസേനയുള്ള ഫ്ലൈറ്റുകളുടെ പരിമിതമായ ഇന്ധനവിതരണവും കടുത്ത സാമ്പത്തികപ്രതിസന്ധിയും മൂലമാണ് നടപടിയെന്ന് പി.ഐ.എയുടെ വക്താവ് വാർത്താ ഏജൻസിയായ ദി ഡോണിനോടു പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാൻ സ്റ്റേറ്റ് ഓയിലിൽ (പി‌.എസ്‌.ഒ) നിന്ന് ഇന്ധനത്തിനായി പ്രതിദിനം 100 മില്യൺ രൂപയാണ് പി.ഐ.എ ആവശ്യപ്പെടുന്നത്. എന്നാല്‍, കുടിശ്ശിക നൽകാത്തതിന്റെ പേരിൽ പി.എസ്.ഒ വിതരണം നിർത്തിവച്ചതാണ് പി.ഐ.എ വിമാനങ്ങൾക്ക് ഇന്ധനക്ഷാമത്തിനു കാരണമായത്. 13 ആഭ്യന്തരവിമാനങ്ങളും 11 അന്താരാഷ്ട്ര റൂട്ടുകളും റദ്ദാക്കിയതായി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പന്ത്രണ്ട് വിമാനങ്ങൾ വൈകിയാണ് ഓടുന്നത്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരെ ഇതരവിമാനങ്ങളിലേക്ക് മാറ്റിയതായി പി.ഐ.എ അറിയിച്ചു.

അതേസമയം, കുമിഞ്ഞുകൂടിയ കടബാധ്യതകൾമൂലം ഇപ്പോൾത്തന്നെ തകർച്ചയുടെ വക്കിലെത്തി സ്വകാര്യവൽക്കരണത്തിലേക്കു നീങ്ങുന്ന എയർലൈനിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ദേശീയ വിമാനക്കമ്പനിയുടെ അഭ്യർഥന വകവയ്ക്കാതെ, പ്രവർത്തന ചെലവുകൾക്കായി 23 ബില്യൺ രൂപ പിന്തുണ നൽകാൻ പാക്കിസ്ഥാൻ സർക്കാർ വിസമ്മതിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

Latest News