സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭച്ഛിദത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ, മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന എല്ലാവർക്കും പ്രതീക്ഷയും സന്തോഷവും നൽകുന്നുവെന്ന് സീറോമലബാർ സഭയുടെ, കുടുംബത്തിനും അത്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ അഭിപ്രായപ്പെട്ടു.
എല്ലാ ഭാരതീയരും അഭിമാനിക്കുകയും ഊറ്റംകൊള്ളുകയും ചെയ്യുന്ന ആർഷഭാരതസംസ്കാരം മഹത്തായ ചില മൂല്യങ്ങളിൽ അടിസ്ഥാനമിട്ടതാണ്. സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബമാണ് ഏറ്റവും പ്രധാനമായ മൂല്യം. കുടുംബത്തിനും കുടുംബബന്ധങ്ങൾക്കും അതീവപ്രാധാന്യം നൽകുന്ന ഭാരതത്തിൽ സ്ത്രീപുരുഷചേർച്ചയാൽ സാധ്യമാകുന്ന വിവാഹത്തിന് മറ്റു നിർവചനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കുടുംബങ്ങൾ തകർന്നാൽ സമൂഹത്തിനു പിന്നെ നിലനിൽപ്പില്ല. ദത്തെടുക്കപ്പെടുന്ന കുട്ടികൾക്ക് പിതാവിന്റെയും മാതാവിന്റെയും സ്നേഹംലഭിക്കാൻ അവകാശമുണ്ട്. സ്ത്രീ-പുരുഷബന്ധങ്ങളിലും മാതൃ-പിതൃബന്ധങ്ങളിലും അധിഷ്ഠിതമായ വിവാഹജീവിതവും കുടുംബജീവിതവും, ഗർഭധാരണം മുതലുള്ള മനുഷ്യജീവന്റെ മൂല്യവും അഭംഗുരം സംരക്ഷിക്കപ്പെടണമെന്നത് കത്തോലിക്കാ സഭയുടെ പ്രഖ്യാപിതനിലപാടാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
ഭാരതത്തിലെ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഗർഭച്ഛിദ്രം, ഭ്രൂണഹത്യ, സ്വവർഗ വിവാഹങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് പ്രഖ്യാപിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉൾക്കൊള്ളാനും അവരോട് അനുഭാവവും സ്നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം കാണിക്കാൻ പാടില്ല. ഇക്കാര്യത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടാണ് കത്തോലിക്കാ സഭയ്ക്ക് മുഴുവനുമുള്ളത്. വിവേചനത്തിന്റെ ഏതൊരു അടയാളവും ക്രൈസ്തവമല്ല. സ്വവർഗ ലൈംഗികതാല്പര്യം പ്രകടിപ്പി ക്കുന്നവർക്കും സമൂഹം കരുതലോടുകൂടിയ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സീറോമലബാർ സിനഡൽ കമ്മീഷൻ ആവശ്യപ്പെടുന്നു.