വംശീയകലാപത്തിനുശേഷമുള്ള മണിപ്പൂര്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ഉഖ്രുള്‍ ജില്ലയില്‍ ബുധനാഴ്ചയായിരുന്നു യോഗം. ക്യാബിനറ്റില്‍ 17 അജണ്ടകള്‍ ചര്‍ച്ചചെയ്തതായാണ് വിവരം.
എന്നാല്‍ ഉഖ്രുളില്‍ നടന്ന നിർണ്ണായക കാബിനറ്റ് യോഗത്തിൽ, കുക്കി മന്ത്രിമാരായ നെംച കിപ്‌ജെൻ, ലെറ്റ്‌പാവോ ഹാക്കിപ്പ് എന്നിവർ പങ്കെടുത്തില്ല. വംശീയകലാപത്തെ തുടര്‍ന്നുള്ള അതൃപ്തിയാണ് കാബിനറ്റ് യോഗത്തിൽനിന്നും കുക്കി മന്ത്രിമാര്‍ വിട്ടുനിന്നതെന്നാണ് അഭ്യൂഹങ്ങള്‍. യോഗത്തിൽ ചര്‍ച്ചയായ 17 അജണ്ടകളില്‍ 16 എണ്ണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഉഖ്രുൾ എം.എൽ.എ റാം മുയ്വ, ഉഖ്രുലിനെ മണിപ്പൂരിന്റെ വേനൽക്കാല തലസ്ഥാനമായി നിയോഗിക്കണമെന്നു വാദിച്ചു. കൂടാതെ റോഡ്, വിദ്യാഭ്യാസം, അതിർത്തിസുരക്ഷാ എന്നീ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്തു.
അതിനിടെ, നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു. ചിലർ സാഹചര്യം മുതലെടുത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതായും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ സർക്കാറിനെ നിർബന്ധിതരാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാകി. ഇത് കൂടാതെ, ഹുൻപുംഗിലെ മെയ്തേയ് മ്യൂസിയത്തിന്റെ ഉദ്ഘാടനചടങ്ങ് മുഖ്യമന്ത്രി എക്സിലൂടെ പങ്കിട്ടു. മെയ്‌തികളും തങ്‌ഖുൽ നാഗകളും തമ്മിലുള്ള അടുത്ത ബന്ധവും ഉറപ്പിക്കുന്നതിന് ഈ കേന്ദ്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.