ഗാസയിലെ അൽ അഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യൂണിസെഫ് രംഗത്ത്. അക്രമത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യൂണിസെഫ് രംഗത്തെത്തിയത്. യൂണിസെഫ് ജനറൽ ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്താവനയിലൂടെയാണ് സംഘടനയുടെ അമര്‍ഷം രേഖപ്പെടുത്തിയത്.
“അപകടത്തെക്കുറിച്ചുള്ള വാർത്ത എന്നെ ഭയപ്പെടുത്തുന്നു. കഴിഞ്ഞ പതിനൊന്നു ദിവസങ്ങളിൽ, നൂറുകണക്കിന് കുട്ടികളാണ് ഇസ്രയേൽ പാലസ്തീൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുട്ടികൾക്ക് പരിക്കേറ്റു. അവിടെനിന്നുള്ള ചിത്രങ്ങൾ ഭയാനകമാണ്.”കാതറിൻ റസ്സൽ പ്രസ്താവനയിലൂടെ അറിയിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെയാണ് വ്യക്തമാക്കുന്നതെന്നും നിലവിലെ കണക്കുകൾ പ്രകാരം മൂന്നു ലക്ഷത്തിലധികം കുട്ടികൾക്ക് സ്വഭവനങ്ങൾ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നിട്ടുണ്ടെന്നും റസ്സൽ കൂട്ടിച്ചേര്‍ത്തു.
ആശുപത്രികൾക്കും, പൊതുജനങ്ങൾക്കും, പൊതുമേഖലാസ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവ ഉടൻ നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ട യൂണിസെഫ് ഡയറക്ടർ ജനറൽ, ആക്രമണങ്ങളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും, മാനവികസഹായം ആവശ്യമുള്ള കുട്ടികൾക്ക് അവ എത്തിക്കണമെന്നും ഓർമ്മിപ്പിച്ചു.