Monday, November 25, 2024

ഹെയര്‍ റിലാക്‌സര്‍ അര്‍ബുദത്തിനു കാരണമാകുന്നെന്ന് പരാതി: ഡാബര്‍ ഇന്ത്യയുടെ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്

ഡാബര്‍ ഇന്ത്യയുടെ ഹെയര്‍ റിലാക്‌സര്‍ ഉല്പന്നങ്ങളുടെ ഉപയോഗം അര്‍ബുദത്തിനു കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ ഉപസ്ഥാപനങ്ങള്‍ക്കെതിരെ കേസ്. യു.എസിലും കാനഡയിലുമുള്ള ഉപഭോക്താക്കളാണ് കേസ് നല്‍കിയത്. ഡാബര്‍ ഉല്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.

നമസ്തേ ലബോറട്ടറീസ്, ഡെര്‍മോവിവ സ്‌കിന്‍ എസന്‍ഷ്യല്‍സ്, ഡാബര്‍ ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ 5,400 കേസുകളാണ് ഇല്ലിനോയിസിലെ യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ വന്നിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപൂര്‍ണ്ണവുമായ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ ഡാബര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ നിയമിച്ചതായി കമ്പനി അറിയിച്ചു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കമ്പനിയെ സാമ്പത്തികമായി ബാധിക്കില്ലെന്നും എന്നാല്‍ ഭാവിയില്‍ അതുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡാബര്‍ ഇന്ത്യ പറഞ്ഞു. കേസുകള്‍ പുറത്തുവന്നതോടെ ഡാബറിന്റെ ഓഹരികള്‍ ഇന്ന് രാവിലെയോടെ 2.5% ഇടിഞ്ഞ് 520.45 രൂപയിലെത്തി.

Latest News