Monday, November 25, 2024

റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ സര്‍വീസ് പുനരാരംഭിക്കും

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ 24 മണിക്കൂര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായി. ഒക്ടോബർ 28 മുതല്‍ മുഴുവന്‍സമയ സര്‍വീസ് നടത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് അധികൃതര്‍ വിമാനക്കമ്പനികള്‍ക്കു നല്‍കി.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതുമുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തുമണി മുതല്‍ വൈകിട്ട് ആറുമണി വരെയായി ചുരുക്കിയിരുന്നു. റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പണികള്‍ ജൂണില്‍ത്തന്നെ പൂര്‍ത്തീകരിച്ചെങ്കിലും മണ്ണിന്റെ ലഭ്യതക്കുറിവിനെതുടര്‍ന്ന് വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടുപോവുകയായിരുന്നു. മഴ കൂടി തുടങ്ങിയതോടെ ഗ്രേഡിംഗ് ജോലി അനിശ്ചിതകാലത്തേക്ക് നീളുകയായിരുന്നു.

അതേസമയം, റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിനുപുറമേ ഗ്രേഡിംഗ് ജോലികൂടി പൂര്‍ത്തിയായതോടെയാണ് മുഴുവന്‍സമയ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. ഈ മാസം 28 മുതല്‍ 24 മണിക്കൂർ സര്‍വീസ് തുടങ്ങും. ഇതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിൽ മാറ്റംവരും. ഇതിനുപിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതിനല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Latest News