Monday, November 25, 2024

നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചില്ലെങ്കില്‍ ഔദ്യോഗിക പദവി പിന്‍വലിക്കുമെന്ന് മുന്നറിയിപ്പ്: ഇന്ത്യയില്‍നിന്നും 41 ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ

ഖാലിസ്ഥാന്‍ ഭീകരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഭിന്നത തുടരുന്നതിനടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെക്കൂടി ഇന്ത്യയില്‍ നിന്നും പിന്‍വലിച്ച് കാനഡ. ഇതു സംബന്ധിച്ച വിവരം കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് പുറത്തുവിട്ടത്. നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചില്ലെങ്കില്‍ വെള്ളിയാഴ്‌ചയോടെ അവരുടെ ഔദ്യോഗിക പദവി ഏകപക്ഷീയമായി പിന്‍വലിക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായും ജോളി അറിയിച്ചു.

“കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചില്ലെങ്കില്‍ പദവി ഏകപക്ഷീയമായി പിന്‍വലിക്കുമെന്ന ഇന്ത്യയുടെ  ഭീഷണി മുൻപൊരിക്കലും നടന്നിട്ടില്ലാത്തതാണ്, ഇത് നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ ലംഘനവുമാണ്.” വിദേശകാര്യ മന്ത്രി പറഞ്ഞു. നയതന്ത്രജ്ഞരുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ നടപടികളുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, അവർക്ക് സുരക്ഷിതമായി ഇന്ത്യയിൽ നിന്നു തിരികെവരാന്‍ ഞങ്ങൾ സൗകര്യമൊരുക്കുമെന്നും അവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംഭവത്തിൽ കാനഡ പ്രതികാര നടപടികളൊന്നും സ്വീകരിക്കാൻ ആലോചിക്കില്ലെന്നും മെലാനി കൂട്ടിച്ചേര്‍ത്തു.

ജൂണിൽ വാൻകൂവറിലെ പ്രാന്തപ്രദേശത്തുള്ള ഗുരുദ്വാരയ്ക്കു പുറത്ത് വെടിയേറ്റു കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് ജസ്‌റ്റിൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെടുകയുമായിരുന്നു. കാനഡ തിരിച്ചുവിളിച്ച 41 നയതന്ത്രജ്ഞർക്കൊപ്പം 42 ആശ്രിതരെയും ഇവര്‍ക്കൊപ്പം തിരിച്ചുവിളിച്ചിട്ടുണ്ട്.

Latest News