Sunday, November 24, 2024

ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി ശനിയാഴ്ച തുറക്കും

ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനു റഫ അതിര്‍ത്തി ശനിയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്. റഫ അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇസ്രയേലുമായുള്ള യുദ്ധം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തി തുറക്കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു.

ഗാസയിലേക്ക് മുഷിക സഹായം എത്തിക്കാന്‍ ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റഫ അതിര്‍ത്തി വഴിയുള്ള സഹായനീക്കം ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല. മേഖലയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് സഹായ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടറസ് നടത്തിയരുന്നു. ഇതിനു പിന്നാലെയാണ് റഫ അതിര്‍ത്തി ശനിയാഴ്ച തുറക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നത്.

അതേസമയം, അഭയാര്‍ഥികള്‍ക്ക് അല്‍ ആരിഷ് എയര്‍പോര്‍ട്ടില്‍ ഈജിപ്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും വിവരമുണ്ട്. ഗാസയിലേക്കുള്ള മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഒരു അധികലാന്‍ഡിങ്ങ് സ്ട്രിപ്പ് കൂടി അല്‍ ആരിഷ് വിമാനത്താവളത്തില്‍ തുറന്നിട്ടുണ്ട്. റഫ അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്നും ദിവസവും 20 ട്രക്കുകള്‍ വീതം ഗാസയിലേക്ക് പ്രവേശിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest News