Monday, November 25, 2024

പ്രകൃതിയിൽനിന്നും പഠിക്കാൻ കുട്ടികളെ സഹായിക്കുന്ന അഞ്ചു മാർഗങ്ങൾ

ഈ കാലഘട്ടത്തിലെ കുട്ടികളിലധികവും ടെലിവിഷൻ കണ്ടും മൊബൈൽ ഫോണിലുമൊക്കെ സമയം ചെലവഴിക്കുന്നവരാണ്. പുറത്തുപോയി മറ്റു കുട്ടികളുമായി കളിക്കുമ്പോൾ ഉണ്ടാകാവുന്ന വഴക്കുകളും വീഴ്ചകളുമൊക്കെ ഒഴിവാക്കാൻ പല മാതാപിതാക്കളും കുട്ടികളെ വീട്ടിൽത്തന്നെ കളിക്കാനും പഠിക്കാനും പരിശീലിപ്പിക്കുകയാണ്. എന്നാൽ, പ്രകൃതിയിൽ സമയം ചെലവഴിക്കുന്നതിലൂടെ കുഞ്ഞുങ്ങൾ പഠിച്ചെടുക്കുന്ന നിരവധിയായ കാര്യങ്ങളുണ്ട്. അതൊക്കെ ഇത്തരക്കാരായ കുട്ടികൾക്ക് അന്യമാകുന്നു. പ്രകൃതിയിൽനിന്നും ലഭിക്കുന്ന ജ്ഞാനം സ്വന്തമാക്കാനും പ്രകൃതിയെ സ്നേഹിച്ചുവളരാനും കുട്ടികളെ സഹായിക്കുന്ന അഞ്ചു മാർഗങ്ങൾ പരിചയപ്പെടാം.

1. പ്രകൃതിയിലൂടെ നടക്കുക

വിശ്രമവേളകളിൽ കുട്ടികളെ പ്രകൃതിയുമായി ഇണങ്ങാൻ അനുവദിക്കുക. അത് പ്രകൃതിയിലെ അത്ഭുതങ്ങളെ പരിചയപ്പെടാൻ അവരെ സഹായിക്കുന്നു. ഇലകളുടെ നിറങ്ങൾ മാറുന്നതും കാറ്റിന്റെ വ്യത്യസ്തതകളും കൊഴിഞ്ഞുവീഴുന്ന ഇലകളും വെയിലും നിഴലുമെല്ലാം കുഞ്ഞുങ്ങളുടെ ഹൃദയത്തെ സ്വാധീനിക്കും. ഇത്തരം കാഴ്ചകളിലൂടെ പുതിയ സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും അവർ അന്വേഷിക്കും. ഇതെല്ലാം അവരുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കും.

പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുമ്പോൾ കുഞ്ഞുങ്ങൾക്കായി ബൈനോക്കുലറുകളോ, മാഗ്‌നിഫൈയിംഗ് ഗ്ലാസുകളോ, സ്കെച്ച്‌ബുക്കുകളോ പോലുള്ള ലളിതമായ ഉപകരണങ്ങൾ സമ്മാനിക്കാം. അതിലൂടെ അവർ പ്രകൃതിയുടെ അത്ഭുതങ്ങൾ കാണാൻ കൂടുതൽ ഉത്സാഹമുള്ളവരാകും. ആത്യന്തികമായി മണ്ണിൽ കളിക്കാനും ഭൂമിയോടു സംവദിക്കാനും അവരെ അനുവദിക്കുക.

2. പൂന്തോട്ടം ക്രമീകരിക്കാൻ കുട്ടികളെ ഉൾപ്പെടുത്തുക

പൂന്തോട്ടം ക്രമീകരിക്കുന്നതിൽ കുട്ടികളെക്കൂടെ ഉൾപ്പെടുത്താം. ജീവനുള്ള ചെടികളെ പരിപാലിക്കുന്നതിലൂടെ, ഓരോ ജീവനും എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്ന ചിന്ത അവരുടെ ഹൃദയത്തിൽ രേഖപ്പെടുത്തപ്പെടുന്നു.

ചെടികൾ വച്ചുപിടിപ്പിക്കാനും അവയെ പരിചരിക്കാനും അവരെ പരിശീലിപ്പിക്കുന്നതിലൂടെ, കുഞ്ഞുങ്ങളിൽ കരുതലും ശുശ്രൂഷിക്കാനുള്ള മനസ്സും താനെ വളരും. ഓരോ കാലത്തും ചെടികൾക്കുണ്ടാകുന്ന വ്യത്യാസങ്ങളെ നിരീക്ഷിക്കാൻ കുഞ്ഞുങ്ങൾ പരിശീലിപ്പിക്കുന്നതിലൂടെ, കാലാനുസൃതമായി കൈവരുന്ന മാറ്റങ്ങളെ നോക്കിക്കാണാനും ജീവിതത്തിൽ നേരിടുന്ന വ്യത്യസ്തമായ അനുഭവങ്ങളെക്കൂടി മനസ്സിലാക്കി മുന്നോട്ടുപോകുന്നവരാകാനും കാലക്രമത്തിൽ ഇത് കുഞ്ഞുങ്ങളെ സഹായിക്കും.

3. ശ്രദ്ധാപൂർവമായ നിരീക്ഷണത്തെ പ്രോത്സാഹിപ്പിക്കുക

പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് അതിനെ ആസ്വദിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിലൂടെ, മാനസികസംഘർഷങ്ങളെ ലഘൂകരിക്കാനുള്ള കലയാണ് നാം അവരെ പരിശീലിപ്പിക്കുന്നത് എന്ന് മറക്കാതിരിക്കാം.

വീണുകിടക്കുന്ന ഇലകളുടെ പ്രത്യേകതകളും മരച്ചില്ലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ മനോഹാരിതയും തുടങ്ങി ചെറിയചെറിയ ഒരുപാട് വലിയ കാര്യങ്ങൾ കുഞ്ഞുങ്ങളുടെ ശ്രദ്ധയിൽപെടുത്തുന്നതിലൂടെ പ്രകൃതിയെ മനോഹരമായി സൃഷ്ടിച്ച ദൈവത്തെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്.

4. പ്രകൃതികേന്ദ്രീകൃതമായ നല്ല ശീലങ്ങൾ രൂപീകരിക്കുക

വീടിനോടുചേർന്ന് ഒരു പൂന്തോട്ടമോ, പച്ചക്കറിത്തോട്ടമോ ക്രമീകരിക്കുകയും കുഞ്ഞുങ്ങളെ അതിന്റെ ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്യാം. അവയുടെ ഫലങ്ങൾ ശേഖരിക്കാനും അവയ്ക്ക് വെള്ളമൊഴിക്കാനും കുട്ടികളെ ചുമതലപ്പെടുത്തുന്നതിലൂടെ അവർ ഉത്തരവാദിത്വമുള്ളവരും ഒപ്പം പ്രകൃതിയെ സ്നേഹിക്കുന്നവരുമാകും.

വിനോദയാത്രകൾ സംഘടിപ്പിക്കുമ്പോൾ പ്രകൃതിരമണീയമായ ഇടങ്ങളെ ഉൾപ്പെടുത്താം. പഠനവുമായി ബന്ധപ്പെട്ട ഹൈക്കിംഗ്, ക്യാമ്പിംഗ് യാത്രകൾക്ക് കുട്ടികളെ അനുവദിക്കാം.

5. പ്രകൃതി എന്ന അത്ഭുതലോകത്തെ കണ്ടെത്താൻ സഹായിക്കുക

അത്ഭുതങ്ങളുടെ ഒരു കലവറയാണ് പ്രകൃതി. പലപ്പോഴും കുട്ടികളാണ് അവയെ ആസ്വദിക്കുന്നത്. നിരവധി സംശയങ്ങളുമായി മാതാപിതാക്കൾക്കരികിലെത്തുന്ന കുട്ടികളെ, തിരക്കുകളിലും മറ്റ് ഉത്തരവാദിത്വങ്ങളിലുംപെട്ട് മാതാപിതാക്കൾ ഒഴിവാക്കുകയാണ് പതിവ്.

‘എന്തുകൊണ്ടാണ് ഇലകളുടെ നിറം മാറുന്നത്’, ‘എല്ലാ പക്ഷികളും എവിടെപ്പോയി’ തുടങ്ങി അവരുടെ ചെറിയ ചെറിയ സംശയങ്ങൾക്ക് ഉത്തരംനൽകാൻ ഒരുപക്ഷേ മാതാപിതാക്കൾക്ക് കഴിയുന്നില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരംപറയുന്ന നിരവധി ഡോക്യുമെന്ററികളും പുസ്തകങ്ങളും ഇന്ന് ലഭ്യമാണ്. കുഞ്ഞുങ്ങൾക്ക് അവ ലഭ്യമാക്കുന്നതിലൂടെ പ്രകൃതി എന്ന അത്ഭുതലോകത്തെ കണ്ടെത്താൻ അവരെ നമ്മൾ സഹായിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും അവ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുമൊക്കെയുള്ള പുതിയ അറിവുകൾ ഇതുവഴി കുഞ്ഞുങ്ങൾക്ക് ലഭ്യമാകുന്നു.

പ്രകൃതിയെ സ്നേഹിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതിലൂടെ മണ്ണിനെയും മനുഷ്യനെയും സഹജീവികളെയും ആദരിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ കുഞ്ഞുങ്ങളിലൂടെ നമുക്ക് സാധ്യമാകും.

Latest News