ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കനും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനും നവംബറിൽ ഡല്‍ഹിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക സുരക്ഷയും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് നേതാക്കള്‍ ഇന്ത്യിലെത്തുന്നത്. സന്ദർശന വേളയിൽ ഇരുവരും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.
ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ‘ക്വാഡ്’ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇന്ത്യയും യുഎസും. അതിനാല്‍ പ്രാദേശിക സുരക്ഷയും ചൈനയുമായുള്ള ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ നടക്കുന്ന സൈനിക സംഘർഷവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നും സൂചനയുണ്ട്. ഗാസ മേഖലയിലെ ഹമാസ്-ഇസ്രയേൽ സംഘർഷവും ചർച്ചാ വിഷയങ്ങളിൽ ഉൾപ്പെട്ടേക്കാം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികൾ തേടുമെന്നു അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അമേരിക്കൻ ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.