ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് ഇറാന് മതപൊലീസ് മർദിച്ച് അബോധാവസ്ഥയിലാക്കിയ പതിനാറുകാരിക്ക് മസ്തിഷ്കമരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന അർമിത ഗേരാവന്ദ് എന്ന പെണ്‍കുട്ടിക്കാണ് മസ്തിഷ്കമരണം സംഭവിച്ചത്. ഇതു സംബന്ധിച്ച് വിവരം ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് റിപ്പോർട്ട് ചെയ്തത്.
ഈ മാസം ആദ്യം ടെഹ്റാനിലെ മെട്രോ ട്രെയിനിലേക്ക് സുഹൃത്തുക്കളോടൊപ്പം കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അർമിത ഗേരാവന്ദിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മർദിച്ചത്. പിന്നാലെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ കഴുത്തിലും തലയിലും ഗുരുതരമായി പരിക്കേറ്റ അർമിതയ്ക്ക് ചികിത്സ നല്‍കിയെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.
അതേസമയം, അർമിത ഗേരാവന്ദിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയ ഒരു ഇറാനിയൻ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. മതപൊലീസിന്റെ ആക്രമണത്തില്‍ അര്‍മിതയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ഹെന്‍ഗാവ് പറഞ്ഞിരുന്നു. അര്‍മിതയെ കാണാന്‍ കുടുംബാംഗങ്ങളെപോലും അനുവദിക്കുന്നില്ലെന്നാണ് ഹെന്‍ഗാവ് പ്രതിനിധികള്‍ പറഞ്ഞത്.