Tuesday, November 26, 2024

വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ചൈനയില്‍നിന്നും പുറപ്പെട്ടു

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും ചൈനയില്‍നിന്നും പുറപ്പെട്ടു. ആറു ക്രെയിനുകളുമായി ഷെൻഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. കപ്പല്‍ നവംബർ 15-ന് വിഴിഞ്ഞത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ.

ZPMC എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. നിലവിൽ വിഴിഞ്ഞത്തുള്ള ഷെൻഹുവ 15 കപ്പലിൽ നിന്ന് അവസാനത്തെ ക്രെയിൻ ഇറക്കാനുള്ള ശ്രമം തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ ക്രെയിനിറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് 6 യാഡ് ക്രെയിനുകളുമായി രണ്ടാമത്തെ കപ്പല്‍ ചൈനയില്‍നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. 8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാഡ് ക്രെയിനുകളുമാണ് വിഴിഞ്ഞം തുറമുഖത്തിൻറെ ആദ്യഘട്ടത്തിൽ ആവശ്യം.

അതേസമയം, ഷെൻഹുവ 15 കപ്പൽ കഴിഞ്ഞ 21-ന് മടങ്ങണമെന്നായിരുന്നു കരാർ. എത്രയും വേഗം ക്രെയിനിറക്കി കപ്പൽ മടക്കി അയക്കാനാണ് അദാനി പോർട്സിൻറെ ശ്രമം. ആദ്യഘട്ടത്തിലേക്ക് ആവശ്യമുള്ള ബാക്കി ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ ഉടൻ ചൈനയിൽ നിന്നു പുറപ്പെടുമെന്ന് അദാനി പോർട്സ് അറിയിച്ചു.

Latest News