Tuesday, November 26, 2024

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകാർ പുതുവഴികൾ തേടി ബാങ്ക് വിവരങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി കേരള പൊലീസിൻറെ മുന്നറിയിപ്പ്. ഇതിനായി സ്‌ക്രീൻ ഷെയർ ആപ്പുകൾ വ്യാപകമായി തട്ടിപ്പുകാർ ഉപയോഗിക്കുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു. കേരളാ പൊലീസിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് 

അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുവയ്ക്കൽ) ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികളെന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകൾ മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. 

സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശങ്ങൾ, ഇ-മെയിലുകൾ എന്നിവ അവഗണിക്കുക ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.

Latest News