ബഹിരാകാശ നിലയത്തിലേക്കുള്ള ചൈനയുടെ നാലാംഘട്ട ദൗത്യസംഘം വ്യാഴാഴ്ച പുലർച്ചെ പുറപ്പെട്ടു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. രാജ്യത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും പ്രായംകുറഞ്ഞ സംഘമാണ് ഇത്തവണ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.
ലോംഗ് മാർച്ച്-2 എഫ് റോക്കറ്റിന്റെ സഹായത്തോടെ ഷെൻസോ-17 എന്നറിയപ്പെടുന്ന ‘ഡിവൈൻ വെസൽ’ എന്ന ബഹിരാകാശ പേടകമാണ് ചൈനയുടെ ബഹിരാകാശനിലയമായ ടിയാൻഗോങ്ങിലേക്ക് പുറപ്പെട്ടത്. 2021 -ൽ ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ ക്രൂഡ് ദൗത്യത്തിലുണ്ടായിരുന്ന മുൻ വ്യോമസേനാ പൈലറ്റ് ടാങ് ഹോങ്ബോ (48) ആണ് ആറുമാസത്തെ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇദ്ദേഹത്തിനൊപ്പം ടാങ് ഷെങ്‌ജി (33), ജിയാങ് സിൻലിൻ (35) എന്നിവരാണ് ദൗത്യത്തിലുള്ളത്.
അതേസമയം, പ്രായംകുറഞ്ഞ ബഹിരാകാശസംഘത്തെ അയക്കുന്ന ദൗത്യം എന്നതിനുപുറമെ ഏറ്റവും ചെറിയ ഇടവേളകളിലുള്ള ബഹിരാകാശദൗത്യം എന്ന റെക്കോർഡും ചൈന സൃഷ്ടിച്ചു. വരുംവർഷങ്ങളിൽ ടൈക്കോണാട്ടുകളുടെ വേഗത്തിലുള്ള ദൗത്യങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ബഹിരാകാശസഞ്ചാരികൾക്ക് കൂടുതൽ അവസരമൊരുക്കി ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ശക്തിയാകാൻ ശ്രമിക്കുമെന്ന് ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബഹിരാകാശനിലയം വിപുലപ്പെടുത്തി കൂടുതൽ ആളുകളെ ബഹിരാകാശത്തിലേക്ക് എത്തിക്കുമെന്നും ചൈനയുടെ പ്രഖ്യാപനമുണ്ട്.