Tuesday, November 26, 2024

വ്യാജ മതനിന്ദ ആരോപണം: പാക്ക് ജയിലിലായ ദമ്പതികൾക്ക് ജാമ്യം

വ്യാജ മതനിന്ദ ആരോപണത്തെ തുടർന്ന് പാക്കിസ്ഥാനിൽ ജയിലിൽകഴിയുകയായിരുന്ന പാക്ക് ദമ്പതികൾക്ക് ജാമ്യമനുവദിച്ച് കോടതി. പാക്കിസ്ഥാനിലെ ജരൻവാലയിൽ താമസക്കാരായ ക്രിസ്ത്യൻ ദമ്പതികളെയാണ് കോടതി ജാമ്യത്തിൽ വിട്ടയച്ചത്.

ഖുർ ആനിലെ കീറിയ ചില പേജുകൾ വീടിന്റെ മേൽക്കൂരയിൽനിന്നും കണ്ടെത്തിയെന്ന ആരോപണം ഉന്നയിച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ലാഹോറിലെ ചൗധരി കോളനിയിലെ ഒരു വീടിന്റെ മേൽക്കൂരയിൽനിന്ന് ഖുർ ആനിലെ ചില പേജുകൾ വീഴുന്നത് താൻ കണ്ടതായി മുഹമ്മദ് തമൂർ എന്ന മുസ്ലിം ആരോപിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ഷൗക്കത്തിന്റെയും കിരൺ മാസിഹിന്റെയും ഭവനത്തിൽ കയറുകയും മേൽക്കൂരയിലെത്തിയപ്പോൾ, ഒരു വാട്ടർടാങ്കിനുപിന്നിൽ ഖുർ ആനിലെ മറ്റു പേജുകളുള്ള ഒരു പിങ്ക് ബാഗ് കണ്ടെത്തുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. കൂടാതെ, ഈ പ്രവൃത്തി അവരുടെ കുട്ടികൾ ചെയ്തതാകാമെന്നു വരുത്തിത്തീർക്കുകയും ദമ്പതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ തെളിവുകളുടെ അഭാവവും ദമ്പതികൾക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ജഡ്ജി ദമ്പതികൾക്ക് ജാമ്യം അനുവദിച്ചത്. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാനും വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും മതനിന്ദ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ആശങ്കയുണ്ടെന്ന് പാക്കിസ്ഥാനിലെ ഒരു സെനറ്റ് കമ്മിറ്റി ചെയർമാനിൽനിന്നുള്ള പ്രസ്താവനകൾക്കൊപ്പമാണ് ഇവരുടെ ജാമ്യം.

Latest News