ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ തര്ക്കങ്ങള്ക്കുപിന്നാലെ നിര്‍ത്തിവച്ച കനേഡിയൻ പൗരന്മാർക്കുള്ള വിസാസേവനങ്ങള്‍ പുനരാരംഭിച്ച് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ 26 മുതല്‍ സേവനങ്ങള്‍ പുനരാരംഭിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
ഇന്ത്യ എൻട്രി വിസ, ബിസിനസ്സ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിങ്ങനെയുള്ള ചില വിഭാഗങ്ങളിലെ വിസാസേവനങ്ങളാണ് ഇന്ത്യ പുനരാരംഭിക്കുന്നത്. “കാനഡയുടെ ചില നടപടികൾ കണക്കിലെടുത്ത് സുരക്ഷാസ്ഥിതിഗതികൾ അവലോകനം ചെയ്തശേഷം, വിസാസേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു” – കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു. ടൊറന്റോയിലെയും വാൻകൂവറിലെയും കോൺസുലേറ്റുകൾ കൈകാര്യം ചെയ്യുന്നത് തുടരുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. കനേഡിയൻ പൗരമാർക്കുള്ള ഇന്ത്യൻ വിസാസേവനങ്ങൾ സെപ്റ്റംബർ 21 -ന് നിർത്തിവച്ചതിനുശേഷം, ഈ സേവനങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് പ്രഖ്യാപനം വലിയ ആശ്വാസമാണെന്നും ഹൈക്കമ്മീഷൻ അറിയിച്ചു.
അതേസമയം വിയന്ന കൺവെൻഷൻപ്രകാരം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കാനഡയിൽ സുരക്ഷ നൽകിയാൽ, വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കാനഡയിലെ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ നിർത്തിവച്ചത്, ജോലിക്കുപോകുന്ന നയതന്ത്ര ഉദ്യോഗസ്ഥർ സുരക്ഷിതരല്ലാത്തതിനാലാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. പിന്നാലെയാണ് വിസാസേവനങ്ങള്‍ ഇന്ത്യ പുനരാരംഭിക്കുമെന്ന വിജ്ഞാപനം പുറത്തിറക്കിയത്.