പാഠപുസ്തകങ്ങളില്‍നിന്നും ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരത്’ എന്നാക്കാനുള്ള എൻ.സി.ഇ.ആർ.ടി സമിതിയുടെ നിര്‍ദേശത്തിനെതിരെ കേരളം രംഗത്ത്. എൻ.സി.ഇ.ആർ.ടി ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ സംസ്ഥാനം സ്വന്തമായ നിലയില്‍ പുസ്തകങ്ങള്‍ ഇറക്കി ബദല്‍മാര്‍ഗം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സി.ഐ ഐസക്കിന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞദിവസമാണ്, പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരത്’ ആക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.
ചരിത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പ്രധാന പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം പാഠപുസ്തകങ്ങൾ തന്നെ അടുത്തിടെ പുറത്തിറക്കിയിരുന്നു. രാഷ്ട്രീയലക്ഷ്യത്തോടെ ടെക്സ്റ്റുകളിൽ ‘ഭാരത്’ ആക്കാനുള്ള എൻ.സി.ഇ.ആർ.ടിയുടെ പുതിയ നീക്കത്തോടും ശക്തമായ നിലപാട് തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് ഒഴിവാക്കപ്പെടുന്നത് രാഷ്ട്രീയമായും ചരിത്രപരമായും ശരിയല്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതിനാൽ പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്കുപകരം ഭാരത് എന്നാക്കിയാൽ ഹയർ സെക്കൻഡറിയിലും സ്വന്തമായി പാഠപുസ്തകങ്ങൾ ഇറക്കാനാണ് സർക്കാരിന്റെ നീക്കം.
1757 -ലെ പ്ലാസി യുദ്ധത്തിനുശേഷം ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേര് നല്‍കിയതെന്നും 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്പോലും ‘ഭാരതം’ എന്ന് പരാമര്‍ശിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എൻ.സി.ഇ.ആർ.ടി സമിതി അധ്യക്ഷന്‍ പേര് മാറ്റാന്‍ ശുപാര്‍ശ നല്‍കിയത്. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായും സമിതി അധ്യക്ഷന്‍ ഐസക് വ്യക്തമാക്കി. ഏഴംഗ സമിതി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബദല്‍മാര്‍ഗം സ്വീകരിക്കാന്‍ കേരളം ഒരുങ്ങുന്നത്.