ഹമാസുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ വടക്കൻ ഗാസയിൽ സൈനിക നീക്കം കടുപ്പിച്ച് ഇസ്രയേൽ. അഞ്ച് മുതിർന്ന ഹമാസ് കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. യുദ്ധം ജയിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുകയാണ്. ഇതോടൊപ്പം ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളിലും ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചു. ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും ഹിസ്ബുള്ളയുടെയും ആയിരക്കണക്കിന് താവളങ്ങള്‍ ഈ ആക്രമണങ്ങളില്‍ തകര്‍ന്നതായാണ് വിവരം .ഇതിനിടെ തങ്ങളുടെ മുന്‍നിര കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 46 പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
അതേസമയം, ഗാസയിലെ ആക്രമസംഭവങ്ങള്ക്കെതിരെ അന്താരാഷ്ട്ര സംഘടനകള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ഗാസയിലേത് മനുഷ്യക്കുരുതിയെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തിയപ്പോള്‍ യൂറോപ്യൻ യൂണിയൻ, ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടു.