Saturday, April 19, 2025

ഒമിക്രോൺ വകഭേദം; ചൈനയിലെ ഷാങ്ഹായ് നഗരം വീണ്ടും ലോക്‌ഡൗണിലേക്ക്

കോവിഡ് പകർച്ചവ്യാധിയെത്തുടർന്ന് ചൈനയിലെ ഷാങ്ഹായ് നഗരത്തിൽ വീണ്ടും ലോക്‌ഡോൺ. രണ്ടു ഘട്ടങ്ങളായി ഒൻപത് ദിവസങ്ങൾ നഗരം പൂർണമായും അടച്ചിടുമെന്നും ആ ദിനങ്ങളിൽ ജനങ്ങൾ കോവിഡ് ടെസ്റ്റിങ്ങിന് വിധേയരാകുമെന്നും അധീകൃതർ അറിയിച്ചു.

കഴിഞ്ഞ ഒരു മാസമായി ഷാങ്ഹായ് നഗരം കോവിഡിന്റെ പിടിയിലാണ്. 25 മില്യൺ ആളുകൾ താമസിക്കുന്ന ഈ നഗരത്തിൽ അധികൃതർ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് ഒഴിവാക്കാനായി ലോക്‌ഡോൺ പ്രഖ്യാപിക്കാതിരിക്കുകയായിരുന്നു. എന്നാൽ മാർച്ച് 26- ന് ദിവസേനയുള്ള രോഗികളുടെ എണ്ണം വർധിച്ചതിനാലാണ് ലോക്‌ഡോൺ പ്രഖാപിച്ചത്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്ന് വരെ നഗരത്തിന്റെ കിഴക്ക് ഭാഗവും ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ പടിഞ്ഞാറ് ഭാഗവും നിയന്ത്രണങ്ങൾക്ക് വിധേയമാക്കി രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗൺ നടപ്പിലാക്കുക.

പൊതുഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുകയും സ്ഥാപനങ്ങളും ഫാക്ടറികളും പ്രവർത്തനം നിർത്തുകയോ ഓൺ ലൈനായി പ്രവർത്തിക്കുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഷാങ്ഹായ് നഗരം ചൈനയുടെ വാണിജ്യ തലസ്ഥാനവും ഒപ്പം തന്നെ രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. ഇപ്പോൾ ഒമിക്രോൺ കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഇവിടെയാണ്.

ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിലെ സമീപകാല കേസുകളുടെ വർദ്ധനവ് ചൈനയുടെ ‘സീറോ-കോവിഡ്’ നയത്തിന് ഒരു പ്രധാന വെല്ലുവിളിയാണ്. അതുകൊണ്ട് മറ്റൊരു കോവിഡ് തരംഗം തടയാൻ രാജ്യം ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ഉപയോഗിക്കുകയാണ്. എന്നാൽ പകർച്ചാശേഷി വർധിച്ച ഒമിക്രോൺ വകഭേദത്തെ നിയന്ത്രിക്കാൻ ഇത്തരം നടപടികൾ പര്യാപ്തമാണോ എന്നത് സംശയമാണ്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ മാർച്ച് 27- ന് പുറത്തുവിട്ട റിപ്പോർട്ടിൽ 4,500 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Latest News