അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കമ്പനികളുമായി രാജ്യത്തെ പ്രതിരോധ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ശത്രുവിന്‍റെ നീക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാന്‍ കഴിയുന്ന ഡ്രോണുകളുള്ള ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അയൽരാജ്യങ്ങളായ ചൈനയുമായും പാക്കിസ്ഥാനുമായും സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിർത്തികൾ എപ്പോഴും നിരീക്ഷിക്കാനുള്ള ഈ നീക്കം. റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുപിന്നാലെ യുദ്ധഭൂമിയിലെ മുൻഗണനകളെക്കുറിച്ചും ആയുധശേഖരത്തെ കുറിച്ചുമൊക്കെ വിലയിരുത്തൽ നടത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചിരുന്നു. ഇസ്രയേലിനു നേരെയുണ്ടായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം കൂടിയായതോടെ കാര്യങ്ങൾ വേഗത്തിലാക്കിയെന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്.
മുമ്പ് അപ്രതീക്ഷിത ആക്രമണങ്ങളെ ഇന്ത്യ നേരിട്ടിട്ടുണ്ട്. 2008-ൽ, ആയുധങ്ങളും ഗ്രനേഡുകളുമായി പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണകാരികൾ കടൽ വഴി മുംബൈയിലേക്ക് നുഴഞ്ഞുകയറുകയും നഗരത്തിലെ പ്രധാന ലാൻഡ്‌മാർക്കുകൾ മൂന്നു ദിവസത്തേക്ക് ഉപരോധിക്കുകയും 166 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ അതിർത്തിയിലൂടെ ആയുധങ്ങളും മയക്കുമരുന്നുകളും കടത്താൻ പാക്കിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളിലാണ് പുതിയ നീക്കം.