നൈജീരിയന്‍ പ്രസിഡന്റായി ബോല അഹമ്മദ് ടിനുബുവിന് തുടരാമെന്ന് സുപ്രീം കോടതി. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ടിനുബുവിന്റെ വിജയം കോടതി അംഗീകരിക്കുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് വ്യാഴാഴ്ചയാണ് വിധി പ്രസ്താവിച്ചത്.
ഫെബ്രുവരിയിലായിരുന്നു നൈജീരിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 71 -കാരനായ ടിനുബു, 37% വോട്ട് നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ഥികള്‍ വഞ്ചന, തിരഞ്ഞെടുപ്പുനിയമങ്ങളുടെ ലംഘനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കോടതിയുടെ സുപ്രധാനവിധി.
“ഹര്‍ജിക്കാരുടെ ഈ അപ്പീലിൽ ഒരു മെറിറ്റും ഇല്ല; അതിനാൽ ഇത് തള്ളിക്കളയുന്നു” – സുപ്രീം കോടതി ജഡ്ജി ജോൺ ഒകോറോ പറഞ്ഞു. തലസ്ഥാനമായ ലാഗോസിന്റെ മുൻ ഗവർണര്‍ കൂടിയായിരുന്ന ടിനുബു, 37% വോട്ട് നേടി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) സ്ഥാനാർഥി അതികു അബൂബക്കറിനെയും ലേബർ പാർട്ടിയുടെ പീറ്റർ ഒബിയെയും മറികടന്നാണ് വിജയംനേടിയത്. അബൂബക്കറിനും ഒബിക്കും യഥാക്രമം 29, 25 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.