Monday, November 25, 2024

എൽ സാൽവഡോര്‍ വഴിയുള്ള യു.എസ് കുടിയേറ്റം അവസാനിപ്പിക്കാന്‍ നീക്കം: 1,130 ഡോളർ അധിക നികുതി ഏര്‍പ്പെടുത്തി

മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോര്‍ വഴി യു.എസിലേക്കുള്ള കുടിയേറ്റം വർധിച്ച പശ്ചാത്തലത്തില്‍ അധിക നികുതി ഈടാക്കാന്‍ നീക്കം. ഇന്ത്യയില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമെത്തുന്ന യാത്രക്കാരിൽനിന്നാണ് അധിക നികുതി ഈടാക്കാന്‍ എൽ സാൽവഡോര്‍ ഒരുങ്ങുന്നത്. വാറ്റ് ഉൾപ്പടെ 1,130 ഡോളർ (ഏകദേശം 94,000 രൂപ) അധിക നികുതിയാണ് ഇതുവഴി മധ്യ അമേരിക്കൻ രാജ്യത്തിനു ലഭിക്കുക.

ഇന്ത്യയെ കൂടാതെ ആഫ്രിക്കയിലെ 57 രാജ്യങ്ങളിൽനിന്നും നിരവധി കുടിയേറ്റക്കാരാണ് മധ്യ അമേരിക്ക വഴി യു.എസിലെത്തുന്നത്. ഇത് ക്രമാതീതാമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി ഈടാക്കാന്‍ എൽ സാൽവഡോര്‍ തീരുമാനിച്ചത്. എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ, യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ബ്രയാൻ നിക്കോൾസുമായി ഈ ആഴ്ച്ച നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. അനിയന്ത്രിത കുടിയേറ്റം തടയാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. നിലവിൽ രാജ്യത്തുടനീളം 3.2 ദശലക്ഷം കുടിയേറ്റക്കാർ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 23 മുതലാണ് പുതിയ ഫീസ് പ്രാബല്യത്തിൽവന്നത്. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപയോഗം വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും എൽ സാൽവഡോറിന്റെ പോർട്ട് അതോറിറ്റി അവരുടെ വെബ്‌സൈറ്റിൽ നൽകിയ പ്രസ്താവനയിൽ പറയുന്നു. അധിക നികുതി ഇനത്തില്‍ ലഭിക്കുന്ന തുകകൊണ്ട് രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളം മെച്ചപ്പെടുത്താനാണ് തീരുമാനം.

Latest News