Sunday, November 24, 2024

‘ഇസ്ലാമോഫോബിയ’ എന്ന തട്ടിപ്പുപ്രയോഗം

‘ഫോബിയ’ എന്ന പദത്തിന്റെ അർഥം ‘അകാരണഭീതി’ എന്നാണ്. ഭീകരവാദികൾ പൗരന്മാരിലുളവാക്കുന്ന ഭീതിയെ ‘ഫോബിയ’ എന്നുവിളിക്കാനാവില്ല. ഏതു ഭീകരരുടെയും പ്രവൃത്തികൾമൂലം സമൂഹങ്ങൾക്കുണ്ടാകുന്ന ഭീതി സകാരണമാണ്; അത് ‘ഫോബിയ’ അല്ല.

ഏതെങ്കിലുമൊരു സമുദായത്തെ, അതിലെതന്നെ ഗണ്യമായ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഭീകരതകൾമൂലം പൊതുജനം ഭയപ്പെടുന്നുണ്ടെങ്കിൽ, ആ സമുദായം അതിനെ ‘അകാരണമായ ഭയം’ എന്നുവിളിച്ച് നിസ്സാരവത്കരിക്കുകയോ, സ്വയം ഇരവാദം മുഴക്കുകയോ അല്ല ചെയ്യേണ്ടത്, മറിച്ച് അതിശക്തമായ നിലപാടുകളെടുത്ത് ഭീകരവാദികളെ പിന്തിരിപ്പിക്കുകയും അവരുടെ പ്രത്യയശാസ്ത്രങ്ങളെ ഇല്ലാതാക്കുകയുമാണ് വേണ്ടത്. ഇസ്ലാമികഭീകരവാദത്തിന്റെ കാര്യത്തിൽ ഇത്തരത്തിൽ ഒരു ശ്രമംപോലും സമുദായനേതാക്കളുടെയും ഇസ്ലാം വിശ്വാസികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി പൊതുജനത്തിന് അനുഭവപ്പെടുന്നില്ല. മറിച്ച്, ഭീകരവാദികളുടെ നിലപാടുകളുടെ ഗുണഭോക്താക്കളായി നിശ്ശബ്ദരായും വർഗീയത പ്രോത്സാഹിപ്പിക്കുന്നവരായും അവർ കാണപ്പെടുന്നു എന്നതാണ് യാഥാർഥ്യം. കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ ഈ നിരീക്ഷണത്തിനു കൈയൊപ്പു ചാർത്തും.

മതാധിഷ്ഠിതരാഷ്ട്രീയം കേരളത്തിൽ ഏറ്റവും കൂടുതൽ പ്രയോഗിക്കുന്നത് മുസ്ലീം സമുദായമാണ് എന്നതിനാൽതന്നെ മതേതരത്വ മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ തുരങ്കംവയ്ക്കുന്നതും അവർതന്നെ എന്നുപറയേണ്ടിവരും. കൈവെട്ടുകേസിലെ പ്രതികൾ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മറ്റു സമുദായത്തിലെ അംഗങ്ങൾ ഭയപ്പെടാതിരിക്കുന്നതെങ്ങനെ? മിതവാദികൾ എന്നു പൊതുവെ കരുതപ്പെട്ടിരുന്ന മുസ്ലീം ലീഗിൽപോലും കഴിഞ്ഞ കുറേ വർഷങ്ങളായി കണ്ടുവരുന്ന തീവ്രവാദ നിലപാടുകൾ കേരളജനതയ്ക്ക് പകർന്നിട്ടുള്ള അസ്വസ്ഥത ചെറുതല്ല. ന്യൂനപക്ഷാവകാശങ്ങളിൽ കാണിക്കുന്ന അത്യാർത്തി മറ്റു ന്യൂനപക്ഷങ്ങളിൽ ഉളവാക്കുന്ന അസ്വസ്ഥതയെക്കുറിച്ച് അല്പമെങ്കിലും അവബോധം മുസ്ലീം സമുദായനേതൃത്വത്തിന് ഉണ്ടാകേണ്ടതല്ലേ?

വർഗീയതയ്ക്കും തീവ്രവാദത്തിനും ഭീകരവാദത്തിനും അനുകൂലമായ ഒരു സാഹചര്യം ഇന്ന് കേരളത്തിലെ മുസ്ലീം സഹോദരങ്ങൾക്കിടയിലുണ്ട്. അന്തർദേശീയ ഭീകരവാദത്തിന്റെ പ്രതിഫലനം അതീവശക്തമാണ് ഇവിടെ. അതുകൊണ്ടുതന്നെ, കൂട്ടമായി ചെന്ന് തോക്കുമായി ചുറ്റിനടന്ന് കണ്ണിൽകണ്ടവരെ വെടിവയ്ക്കുകയും സ്ത്രീകളെ ദ്രോഹിക്കുകയും കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ജഡത്തിൽ ചവിട്ടിനിന്ന് ആനന്ദനൃത്തം ചെയ്യുകയും ആക്രോശിക്കുകയും നഗ്നജഡങ്ങളുമായി പട്ടണപ്രദക്ഷിണം നടത്തുകയും നൂറുകണക്കിനുപേരെ ബന്ദികളായി പിടിക്കുകയും ചെയ്യുന്ന കൂട്ടരെ ‘ഭീകരർ’ എന്നുവിളിക്കാൻ പാടില്ല എന്ന് തല്പരകക്ഷികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത് അപരസമുദായങ്ങളിലും സമാധാനകാംക്ഷികളായ മനുഷ്യരിലും വളർത്തുന്ന ഭയം ചെറുതല്ല. താത്കാലിക ലാഭത്തിന് ഈ വിഷയത്തിൽ തല്പരകക്ഷികളോടു ചേരുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും സാംസ്കാരികപ്രവർത്തകരും സ്വന്തം കുഴിതോണ്ടുകയാണ്. അക്രമവും അതിനോടുള്ള പക്ഷംചേരലും സർവനാശത്തിലേ എത്തിക്കൂ…

ഫാ. ജോഷി മയ്യാറ്റിൽ

Latest News