ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിനുണ്ടായ ആക്രമണങ്ങള്‍ക്ക് നിര്‍ദേശം നല്കിയ മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രതിരോധസേനയാണ് (ഐ.ഡി.എഫ്) ഇക്കാര്യം അറിയിച്ചത്. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന് കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചതായാണ് അവകാശവാദം.
ഗാസാമുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ഥിക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐ.ഡി.എഫ് എക്സിലൂടെ അറിയിച്ചു. അഭയാര്‍ഥിക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ ബിയാരിക്കുപുറമെ കുറഞ്ഞത് 50 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായും വിവരമുണ്ട്. സാധാരണക്കാര്‍ തെക്കൻ പ്രദേശങ്ങളിലേക്ക് മാറണമെന്ന ഇസ്രയേല്‍സൈന്യത്തിന്റെ നിര്‍ദേശം അവഗണിച്ചവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
അതേസമയം, പരിക്കേറ്റവരെ ചികിത്സിക്കാനും ആശുപത്രി ഇടനാഴികളില്‍ ഓപ്പറേഷന് റൂമുകള്‍ സ്ഥാപിക്കാനും ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 8000 -ത്തിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടെത്. 14 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.