ബഷീറും എസ്.കെ പൊറ്റക്കാടും കെ.ടി മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓർമ്മകൾ ധന്യമാക്കി കോഴിക്കോട് ഇനി ‘സാഹിത്യനഗരം’ എന്നറിയപ്പെടും. യുനെസ്കോയുടെ സാഹിത്യനഗരം പട്ടികയിൽ ഇടംപിടിച്ചതോടെയാണ് കോഴിക്കോടിന് പുതിയപേര് ലഭിക്കുന്നത്. ഈ പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി ഇതോടെ കോഴിക്കോട് മാറി. ജില്ലയുടെ സാഹിത്യരംഗത്തെ സംഭാവനകള്‍, പൈതൃകം, വായനശാലകള്‍, പ്രസാധകര്, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിന് സാഹിത്യനഗരം എന്ന നേട്ടം ലഭിച്ചത്.
യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ, പദവി ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയ നഗരങ്ങളെ നെറ്റ്വർക്കിൽ ഉൾപ്പെടുത്തിയത്. ശൃംഖലയിൽ ഇപ്പോൾ നൂറിലധികം രാജ്യങ്ങളിൽനിന്നുള്ള 350 നഗരങ്ങളുണ്ട്. യുനെസ്കോ തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ സംഗീതനഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിനും ആതിഥേയത്വത്തിനും പേരുകേട്ട കോഴിക്കോടിനെ, സാഹിത്യത്തിന്റെ നഗരമെന്നും നന്മയുടെ നഗരമെന്നും ചരിത്രകാരന്മാർ നേരത്തെതന്നെ വിശേഷിപ്പിച്ചിരുന്നു.
അതേസമയം, ലോകസാഹിത്യത്തെ അടുത്തറിയാനും മലയാളസാഹിത്യം ലോകത്തിന്ന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനും പുതിയ പദവി വഴിയൊരുക്കും.