Monday, November 25, 2024

2023 -ലെ ‘കോളിൻസ് വേഡ് ഓഫ് ദ ഇയർ’ ആയി എ.ഐയെ തിരഞ്ഞെടുത്തു

കോളിൻസ് കോർപസ് നിഘണ്ടുവിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ചുരുക്കപ്പേരായ ‘എ.ഐ’ എന്ന പുതിയ വാക്കുംകൂടി ഉള്‍പ്പെടുത്തി. ഇതുകൂടാതെ 2023 -ലെ ‘കോളിൻസ് വേഡ് ഓഫ് ദ ഇയർ’ ആയും എ.ഐയെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ പ്രധാന വിഷയവും ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കുമായതിനാലാണ് നിഘണ്ടു എഴുതുന്നവർ എ.ഐയെ തെരഞ്ഞെടുത്തത്.

ആഗോളതലത്തിലുള്ള വെബ്‌സൈറ്റുകൾ, പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ എന്നിവയിൽനിന്നുള്ള രേഖാമൂലമുള്ള വാക്കുകള്‍ ഉള്‍പ്പെടുന്ന നിഘണ്ടുവാണ് കോളിൻസ് കോർപസ്. നിഘണ്ടുവില്‍ നിലവില്‍, ഏകദേശം 20 ബില്യണിലധികം വാക്കുകളാണ് അടങ്ങിയിരിക്കുന്നത്. ഇതിലേക്കാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ എ.ഐയെയും ഉള്‍പ്പെടുത്തിയത്.

“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രാധാന മാറ്റമെന്തെന്നു ചോദിച്ചാൽ അത് എ.ഐയുടെ വരവ് തന്നെയായിരിക്കും. ഇത് നിർമ്മിതബുദ്ധിയുടെ കാലമാണ്. നമ്മുടെ നിത്യജീവിത്തെ അത് വളരെ വേഗമാണ് സ്വാധീനിച്ചത്. പലപ്പോഴും ദൈനംദിനജീവിതത്തിന്‍ന്റെ ഭാഗമായ എ.ഐ ഈ വർഷം ഒരു വലിയ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. 2023 -ലെ സംസാരവിഷയം കൂടിയാണിത് എന്നതിൽ തർക്കമില്ല” – കോളിൻസിന്റെ മാനേജിങ് ഡയറക്ടര്‍ അലക്സ് ബീക്രോഫ്റ്റ് പറഞ്ഞു.

എ.ഐക്കു പുറമെ, പ്രധാന പദങ്ങളുടെ പട്ടികയിൽ ‘നെപ്പോ ബേബി’ എന്ന പദവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി ബാങ്കിങ്’, ‘അൾട്രാപ്രോസസ്ഡ്’ അല്ലെങ്കിൽ ‘അൾട്രാ-പ്രോസസ്ഡ്’ എന്ന ഭക്ഷണവും വിശപ്പ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ‘സെമാഗ്ലൂറ്റൈഡ്’ എന്ന മരുന്നും ഉൾപ്പെടുന്നുണ്ട്.

Latest News