Monday, November 25, 2024

ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നു

2023 ഏകദിന ലോകകപ്പ് അവസാനിക്കുന്നതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് പേസര്‍ ഡേവിഡ് വില്ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് 33കാരനായ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുമെന്നാണ് വില്ലിയുടെ പ്രഖ്യാപനം.

‘ഈ ദിവസം വരണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ചെറുപ്പം മുതലേ ഇംഗ്ലണ്ടിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് ഞാന്‍ സ്വപ്‌നം കണ്ടിരുന്നത്. എന്നാലിപ്പോള്‍ വിരമിക്കാനുള്ള സമയമായിരിക്കുകയാണ്. ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കും’, വില്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏറ്റവും അഭിമാനത്തോടെയാണ് താന്‍ ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞതെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള അവിശ്വസനീയമായ വൈറ്റ്‌ബോള്‍ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

മുന്‍ ഇംഗ്ലണ്ട് താരം പീറ്റര്‍ വില്ലിയുടെ മകനായ ഡേവിഡ് വില്ലി 2015ലാണ് ഇംഗ്ലണ്ട് കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 70 ഏകദിനങ്ങളിലും 43 ടി20യിലും കളിച്ച വില്ലി 145 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2022 ടി20 ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിലുണ്ടായിരുന്നെങ്കിലും താരത്തിന് ഒരു മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. 2023 ലോകകപ്പിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റാണ് വില്ലിയുടെ സമ്പാദ്യം. ഇതില്‍ മൂന്നും ഇന്ത്യക്കെതിരെയാണ്.

Latest News