Sunday, November 24, 2024

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: 15 ഇസ്രയേലി സൈനികര്‍ക്ക് വീരമൃത്യു

ഹമാസുമായുള്ള ഏറ്റുമുട്ടലിൽ 15 ഇസ്രായേലി സൈനികർ വീരമൃത്യു വരിച്ചു. കരയുദ്ധത്തിന് ഗാസയിൽ പ്രവേശിച്ച ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇസ്രായേൽ സൈന്യം മൂന്നുവശത്തുനിന്നും ഗാസാമുനമ്പിൽ ഹമാസിനെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

ഹമാസ് ഭീകരരെ പൂർണ്ണമായും നശിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് കരവഴിയുള്ള യുദ്ധം ഇസ്രയേൽ ആരംഭിച്ചത്. പിന്നാലെ ഒക്ടോബർ ഏഴിനുണ്ടായ ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകിയ മുതിർന്ന ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരിയെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വടക്കൻ ഗാസയിൽ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിൽ ഹമാസ് പോരാളികൾ ഒമ്പത് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച ഗാസയിൽ ഹമാസിന്റെ ടാങ്ക് വേധ റോക്കറ്റ് ആക്രമണത്തിൽ കവചിത സൈനികവാഹനം ഹമാസ് ഭീകരർ തകർക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെയാണ് ഗിവാറ്റി ബ്രിഗേഡിലെ 9 സൈനികർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ആറു സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെയാണ് കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനീകരുടെ എണ്ണം 15ആയി ഉയര്‍ന്നത്.

അതേസമയം, ഇ ബുൾഡോസറിന്റെ സഹായത്തോടെ ഹമാസിന്റെ കുഴിബോംബുകൾ ഒഴിവാക്കി ഇസ്രയേൽ സൈന്യം മുന്നേറുകയാണ്; സൈന്യം ഇതുവരെ ഗാസയിലേക്ക് അഞ്ചു കിലോമീറ്റർ മുന്നേറിക്കഴിഞ്ഞു. ഇ- D9R ബുൾഡോസറിന്റെ ഭാരം തന്നെ 60 ടൺ ആണ്; ഇതിന് 13 അടി ഉയരവും 15 അടി വീതിയുമുണ്ട്. ഈ ബുൾഡോസറിൽ ബുള്ളറ്റ് പ്രൂഫ് കോക്ക്പിറ്റ് ഘടിപ്പിച്ചതിനാൽ ഹമാസിന്റെ ബുള്ളറ്റുകളെ പ്രതിരോധിക്കുവാൻ അകഴിയും. D9R ബുൾഡോസറിന്റെ മുൻവശത്ത് ഒരു വലിയ ബ്ലേഡുമുണ്ട്. രണ്ടുപേർ ചേർന്നാണ് ഈ ബുൾഡോസർ പ്രവർത്തിപ്പിക്കുന്നത്.

Latest News