വടക്കുകിഴക്കൻ നൈജീരിയയിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 37 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമാണ് ആക്രമണത്തിനുപിന്നില്‍. സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നൈജീരിയയിലെ ഒരു സംസ്ഥാനമായ യോബെയിലെ ഗീദാമിലാണ് രണ്ട് വ്യത്യസ്ത ആക്രണങ്ങളിലായി പ്രദേശവാസികള്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച നടന്ന ആദ്യ ആക്രമണത്തില്‍ 17 പേരും അടുത്തദിവസം നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ 20 ഗ്രാമീണരും കൊല്ലപ്പെട്ടു. ആദ്യം കൊല്ലപ്പെട്ടവരുടെ മൃതസംസ്കാരശുശ്രൂഷകള്ക്കിടിയില് ബൊക്കോ ഹറാം ഭീകരര്‍ വീണ്ടും നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്ഷസാക്ഷികള്‍ വ്യക്തമാക്കി.
2009 -ല്‍ ആരംഭിച്ച ബൊക്കോ ഹറാം തീവ്രവാദ ഗ്രൂപ്പ്, യോബെയുടെ അയല്‍സംസ്ഥാനമായ ബോര്‍ണോയില്‍ സമാനമായ ആക്രമണം നടത്തിയിരുന്നു. ഇസ്ലാമിക നിയമമായ ശരിയത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ബോര്‍ണോയില്‍ നടന്ന ആക്രമണസംഭവങ്ങളില്‍ ഏകദേശം 35,000 -ഓളം ആളുകള്‍ കൊല്ലപ്പെടുകയും 2 ദശലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തതായുമാണ് കണക്കുകള്‍. അതേസമയം, ഗീദാമിലെ ആക്രമണത്തില്‍ 40 -ലധികം ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.