ബ്രിട്ടണ് ആതിഥേയത്വം വഹിച്ച പ്രഥമ നിർമ്മിതബുദ്ധി ഉച്ചകോടി സമാപിച്ചു. ലോകം കീഴടക്കാനൊരുങ്ങുന്ന നിർമ്മിതബുദ്ധി സാങ്കേതികത വലിയ മാനുഷികദുരന്തമാകുമെന്നപ്രഖ്യാപനത്തോടെയാണ് ഉച്ചകോടി സമാപിച്ചത്. ഉച്ചകോടിയിൽ ഇന്ത്യ, യു.എസ്, ഫ്രാൻസ് ഉള്‍പ്പെടെ 28 രാജ്യങ്ങള്‍ പങ്കെടുത്തു.
ബ്ലെച്ച്ലിയില്‍ നടന്ന ദ്വിദിന ഉച്ചകോടിയില്‍ എ.ഐ സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ പരിഗണിക്കുകയും അവ എങ്ങനെ ലഘൂകരിക്കാമെന്നുമാണ് ചര്‍ച്ച ചെയ്തത്. ഈ വിഷയത്തിൽ രാജ്യാന്തര സഹകരണം ഉറപ്പാക്കുന്നതിന്റെ ആദ്യപടിയായി ആറുമാസത്തിനിടെ ദക്ഷിണ കൊറിയയിലും പിന്നീട് ഫ്രാൻസിലും ഭാവിസുരക്ഷ ഉച്ചകോടികൾ നടത്താനും യോഗത്തില്‍ തീരുമാനമായി. വിവിധരാജ്യങ്ങളിലെ നേതാക്കന്മാര്ക്കുപുറമെ അക്കാദമിക രംഗത്തെയും പ്രമുഖ ടെക് കമ്പനികളുടെ മേധാവികളും ഉച്ചകോടിയില്‍ പങ്കെടുത്തു. എ.ഐ സാങ്കേതികവിദ്യ ഭാവിയില്‍ സൃഷ്ടിക്കാന്‍പോകുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്ന പ്രഖ്യാപനത്തിനും ഉച്ചകോടി അംഗീകാരംനല്‍കി.
“ബോധപൂർവമോ, അല്ലാതെയോ ദുരന്തസമാനമായ നാശത്തിനു ശേഷിയുള്ളതാണ് നിർമ്മിതബുദ്ധികള്‍. ഈ രംഗത്ത് അതിവേഗത്തിൽ സംഭവിക്കുന്ന പല മാറ്റങ്ങളും ഒപ്പം ഈ മേഖലയിലെ നിക്ഷേപങ്ങളും പരിഗണിച്ചാൽ ഇവ ഉയർത്താവുന്ന ഭീഷണികൾ വലുതാണ്” – ഉച്ചകോടിയെ തുടര്‍ന്നുള്ള പ്രഖ്യാപനത്തില്‍ പറയുന്നു. യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവയടക്കം ഒപ്പുവച്ചതാണ് പ്രഖ്യാപനം. സമാനമായി നേരത്തെ എ.ഐ സാങ്കേതികവിദ്യയുടെ മൂന്ന് ഗോഡ്ഫാദർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ജെഫ്രി ഹിന്റണും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു