ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താന്‍ ഗാസാമുനമ്പില്‍ നിരീക്ഷണം ശക്തമാക്കി അമേരിക്ക. ഡ്രോണുകള്‍ പറത്തിയാണ് ഗാസയില്‍ അമേരിക്ക നിരീക്ഷണം ശക്തമാക്കിയത്. ഒക്ടോബര്‍ 7 -ന് ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കന്‍ പൗരന്മാരുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുമ്പോഴും 200 -ലധികം ആളുകളെ ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. ഇതില്‍ പത്തോളം പേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് അമേരിക്കയുടെ വാദം. ഇവരെയെല്ലാം ഹമാസിന്റെ വിപുലമായ തുരങ്കശൃംഖലയില്‍ തടവിലാക്കിയിരിക്കുകയാണ്. ബന്ദികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിനായാണ് ഗാസയ്ക്കു മുകളിലൂടെ രഹസ്യാന്വേഷണ ഡ്രോണുകള്‍ പറത്തുന്നതെന്ന് രണ്ട് യു.എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഒരാഴ്ചയിലേറെയായി അമേരിക്കയുടെ ഡ്രോണ്‍ വിമാനങ്ങള്‍ ഗാസയ്ക്കു മുകളിലൂടെ പറക്കുന്നുണ്ട്. ബന്ദികളെ കണ്ടെത്താനുള്ള ഇസ്രയേല്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്കയുടെ ഡ്രോണ്‍ നിരീക്ഷണവും. അതേസമയം, ഹമാസിനെതിരായ ആക്രമണത്തില്‍ ഒരു പടികൂടി കടന്ന് ഇസ്രയേല്‍ സൈന്യം ഗാസാമുനമ്പിലെ പ്രധാന നഗരം വളഞ്ഞു. ഗാസയുടെ വടക്കുഭാഗത്തുള്ള നഗരം ഇസ്രയേലിന്റെ ആക്രമണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതിനാല്‍ സാധാരണക്കാര്‍ തെക്കന്‍ ഗാസയിലേക്കു മാറണമെന്ന നിര്‍ദേശം ഇസ്രയേല്‍ നല്‍കിയിരുന്നു.