Tuesday, November 26, 2024

സ്വിം കേരള സ്വിം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്ന സ്വിം കേരള സ്വിം പദ്ധതിക്ക് തുടക്കമായി. കേരളത്തിലാകമാനം മുങ്ങിമരണങ്ങള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നീന്തല്‍ പരിശീലനം ആരംഭിച്ചത്. എറണാകുളം ജില്ലയിലെ ചെറായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിലാണ് പരിശീലനം.

പ്രശസ്ത കാർട്ടൂണിസ്റ്റും മൈൽ സ്റ്റോൺ സ്വിമിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റുമായ സുധീർനാഥ്, വെള്ളിയാഴ്ചയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മുങ്ങിമരണം സംഭവിക്കുന്നത് വിധിമൂലമല്ലെന്നും അറിവില്ലായ്മകൊണ്ടാണെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ആദ്യബാച്ചില്‍ അഞ്ചുവയസ്സിനു മുകളിലുള്ള 100 കുട്ടികള്‍ നീന്തല്‍ അഭ്യസിക്കും. പതിനഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലനയജ്ഞത്തില്‍ ദിവസവും മൂന്നുമണിക്കൂർ വീതമാണ് പരിശീലനം.

ചെറായി ബീച്ച് സ്വിമ്മിങ് ക്ലബ്ബിന്റെ സഹായത്തോടെ നടക്കുന്ന പരിശീലനയജ്ഞത്തിന് ഡൽഹിയിലെ ലക്ഷ്മീനഗറിൽ പ്രവർത്തിക്കുന്ന യുവദീപ്തി ഹെൽപിംഗ് ഹാൻസ് എന്ന ചാരിറ്റബിൾ ട്രസ്റ്റ്, കുട്ടികൾക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങിനൽകും. പരിശീലനത്തിന് അന്താരാഷ്ട്ര സാഹസിക നീന്തൽതാരവും ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്ക് നീന്തിക്കടന്ന ആദ്യമലയാളിയുമായ എസ്.പി മുരളീധരനാണ് നേതൃത്വം നൽകുന്നത്.

Latest News